ആശയസമരങ്ങളുടെ ഓര്‍മയില്‍ പരിവര്‍ത്തനവാദി സംഗമം
കൊച്ചി: പതിറ്റാണ്ടുകള്‍ മുമ്പത്തെ ആദര്‍ശാത്മക കാലത്തിന്റെ ഓര്‍മയില്‍ പരിവര്‍ത്തനവാദി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംഗമം.
സംസ്ഥാനത്തെ വിവിധ മേഖലകളില്‍ നിന്നുള്ളവരാണ് സാഹിത്യപരിഷത്ത് ഹാളില്‍ ഇന്ന് ഒത്തുകൂടിയത്.
എം.എ. ജോണ്‍ നമ്മെ നയിക്കുമെന്ന മുദ്രാവാക്യത്തിന്റെ അലകള്‍ വര്‍ത്തമാനങ്ങളില്‍ നിറഞ്ഞു.
കാലത്തിന്റെ പരിണാമത്തില്‍ പല രാഷ്ട്രീയകക്ഷികളിലേയ്ക്ക് വഴി പിരിഞ്ഞവരും വിശ്രമജീവിതം നയിക്കുന്നവരും കൂട്ടത്തിലുണ്ടായിരുന്നു.
അര നൂറ്റാണ്ടിനു മുമ്പത്തെ മുദ്രാവാക്യങ്ങള്‍ ഇന്നു കൂടുതല്‍ പ്രസക്തമാണെന്ന് സംഗമത്തിനെത്തിയവര്‍ പറഞ്ഞു.
പാര്‍ട്ടി പൂജിക്കാനുള്ള വിഗ്രഹമല്ല പ്രയോഗിക്കാനുള്ള ആയുധമാണ്, അച്ചടക്കം അടിമത്തമല്ല, മതമാണ് രോഗം വര്‍ഗീയത രോഗലക്ഷണമാണ് തുടങ്ങിയ ആശയങ്ങള്‍ക്ക് ഇന്ന് ഏറെ പ്രാധാന്യമുണ്ട്.
ഡോ. ശശി തരൂരിന്റെ വാര്‍ത്താപ്രാധാന്യം നേടിയ ആശയങ്ങള്‍ പാര്‍ട്ടിചട്ടക്കൂടിനപ്പുറം ചര്‍ച്ച ചെയ്യേണ്ടതാണെന്ന് ചിലര്‍ പറഞ്ഞു.
പരിവര്‍ത്തവാദി പ്രസ്ഥാനത്തിന്റെ ചരിത്രം അടയാളപ്പെടുത്തുന്നതിനായി ഒരു പുസ്തകം തയ്യാറാക്കുന്നതിന് സംഗമം തീരുമാനിച്ചു.
പരിവര്‍ത്തനവാദി കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് എസ്.കെ. മാധവന്‍, സി.വി.ദയാനന്ദന്‍, പി.രാജന്‍, പ്രഫ.എം.പി.മത്തായി, മുന്‍മന്ത്രി ജോസ് തെറ്റയില്‍, കെ.ജെ.സെബാസ്റ്റ്യന്‍, കെ.എസ്.ഭാസ്‌കരന്‍, അഡ്വ.എം.യു. കുര്യാക്കോസ്, എം.ബി.സുരേഷ് എന്നിവരാണ് സംഗമത്തിനെത്തിയത്.