കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനാണ് രാജരാജേശ്വരക്ഷേത്രത്തിലെത്തിയത്-ഗവര്‍ണര്‍ ആര്‍ലേക്കര്‍
തളിപ്പറമ്പ്: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശിവരാത്രി ദിനത്തില്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
രാവിലെ പത്തരയോടെയാണ് ഗവര്‍ണര്‍ ക്ഷേത്രത്തിലെത്തിയത്.
ഗവര്‍ണറെയും പത്നി അനഘ ആര്‍ലേക്കറെയും ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി.പി വിനോദ്കുമാര്‍, ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ ടി.രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ദേവസ്വം അധികൃതര്‍ സ്വീകരിച്ചു.
ഗവര്‍ണര്‍ രാജരാജേശ്വരന് പൊന്നിന്‍കുടം സമര്‍പ്പിച്ച് തൊഴുതു. പട്ടം, താലി നെയ്യമൃത് തുടങ്ങിയ വഴിപാടുകളും സമര്‍പ്പിച്ചു.
ശിവരാത്രി ദിനത്തില്‍ കേരളത്തിലെ ജനങ്ങളുടെ അഭിവൃദ്ധിക്കും പുരോഗതിക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും കേരളത്തിലെ ജനങ്ങളുടെ നല്ലതിനുവേണ്ടി പ്രാര്‍ത്ഥിക്കുക എന്നത് ഗവര്‍ണര്‍ എന്ന നിലയില്‍ തന്റെ കടമയാണെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
1500 വര്‍ഷത്തിലേറെ പഴക്കമുള്ള രാജരാജേശ്വര ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ സാധിച്ചത് വലിയൊരു അംഗീകാരമായി കണക്കാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജരാജേശ്വരക്ഷേത്രത്തിലെ പ്രധാന ഉല്‍സവദിവസമായ ശിവരാത്രിദിനത്തില്‍ ഇന്ന് ആയിരക്കണക്കിനാളുകളാണ് ക്ഷേത്രത്തിലെത്തിയത്.
ഗവര്‍ണറുടെ വരവും കനത്ത പോലീസ് സുരക്ഷയും കാരണം ക്ഷേത്രപരിസം വീര്‍പ്പുമുട്ടുന്ന അവസ്ഥയിലായിരുന്നു.
ക്ഷേത്രത്തിലേക്കുള്ളത് പൊതുവെ ഇടുങ്ങിയ റോഡായതിനാല്‍ വാഹനഗതാഗതവും തടസപ്പെട്ടു.