പ്രാദേശികപത്രപ്രവര്‍ത്തക ക്ഷേമനിധി:നടപടികള്‍ വേഗത്തിലാക്കാന്‍ കെ.ജെ.യു നിവേദനം നല്‍കി

തിരുവനന്തപുരം: പ്രാദേശിക പത്രപ്രവര്‍ത്തകരെ സാംസ്‌കാരിക ക്ഷേമനിധിള്‍ ഉള്‍പ്പെടുത്തുമെന്ന ബജറ്റ് പ്രഖ്യാപനം വേഗത്തില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു) സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍, ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍, റവന്യു മന്ത്രി കെ. രാജന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി.

സ്ഥലത്തില്ലാതിരുന്ന മുഖ്യമന്ത്രിയെ റവന്യു മന്ത്രി ഫോണ്‍ മുഖേന ബന്ധപ്പെടുകയും യൂണിയന്റെ ആവശ്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. അനുകൂലമായി പ്രതികരിച്ച മുഖ്യമന്ത്രി നിവേദനം പ്രൈവറ്റ്‌ സെക്രട്ടറി കെ.കെ. രാഗേഷിന് കൈമാറാന്‍ നിര്‍ദ്ദേശിച്ചു.

ക്ഷേമനിധിയിലേക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ പണം വകയിരുത്തുന്നത് പരിഗണിക്കുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാലും നിവേദക സംഘത്തിന് ഉറപ്പ് നല്‍കി.

ഇന്ത്യന്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ സെക്രട്ടറി ജനറല്‍ ജി. പ്രഭാകരന്‍, സെക്രട്ടറി യു. വിക്രമന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് മന്ത്രിമാര്‍ക്ക് നിവേദനം കൈമാറിയത്.

കെ.ജെ.യു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സ്മിജന്‍, വൈസ് പ്രസിഡന്റ് ഇ.പി. രാജീവ്, സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സനല്‍ അടൂര്‍, ബോബന്‍ ബി. കിഴക്കേത്തറ എന്നിവരും ചേര്‍ന്നാണ് നിവേദനം കൈമാറിയത്.