കുഞ്ഞുമായി പുഴയില്‍ ചാടിയ റീമയുടെ മൃതദേഹം കിട്ടി, ഭര്‍തൃമാതാവ് പ്രേമയുടെ പീഡനമെന്ന് ബന്ധുക്കള്‍

പഴയങ്ങാടി: മുന്നുവയസുള്ള കുഞ്ഞുമായി ചെമ്പല്ലിക്കുണ്ട് പുഴയില്‍ ചാടിയ അമ്മയുടെ മൃതദേഹം കണ്ടെത്തി.

വയലപ്ര ആര്‍.എം.നിവാസില്‍ എം.വി.റീമ (25) മൃതദേഹമാണ് കണ്ടെത്തിയത്.

മകന്‍ അമല്‍രാജിനെയും എടുത്ത് റീമ പുഴയിലേക്ക് ചാടുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെയാണ് സംഭവമുണ്ടായത്.

സ്‌കൂട്ടറില്‍ കുഞ്ഞുമായി വന്ന് പുഴയിലേക്ക് ചാടുകയായിരുന്നു.

മത്സ്യബന്ധനത്തിന് എത്തിയ തൊഴിലാളികളാണ് സംഭവം കണ്ടത്.

ഇവരാണ് പൊലീസില്‍ വിവരമറിയിച്ചത്.

നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് അമ്മയുടെ മൃതദേഹം കണ്ടെത്തിയത്.

കുഞ്ഞിന്റെ മൃതദേഹത്തിനായി തെരച്ചില്‍ തുടരുന്നു.

കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് വീട്ടുകാര്‍ പറഞ്ഞു.

ഇരിണാവിലെ ഭര്‍ത്താവ് കമല്‍രാജും മാതാവ് പ്രേമയും നിരന്തരമായി മാനസികമായി പീഡിപ്പിച്ചിരുന്നതായിട്ടാണ് വിവരം.

കഴിഞ്ഞ ദിവസം വിദേശത്തുനിന്നും വന്ന ഭര്‍ത്താവ് കമല്‍രാജ് കുട്ടിയെ തനിക്ക് വേണം എന്ന് ആവശ്യപ്പെട്ടത് റീമയെ മാനസികമായി തളര്‍ത്തിയിരുന്നതായി വീട്ടുകാര്‍ പറഞ്ഞു.

മോഹനന്‍-രമ ദമ്പതികളുടെ മകളാണ് മരിച്ച റീമ. സഹോദരി: രമ്യ.