കുട്ടികളെ ശുഭചിന്തയുള്ളവരായി വളര്‍ത്തുക: മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍

ചപ്പാരപ്പടവ്: വീടുകളില്‍ നിഷേധാത്മക ഊര്‍ജം നല്‍കാതെ, ശുഭചിന്തയുള്ളവരായി കുട്ടികളെ വളര്‍ത്താന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉറൂട്ടേരി അംഗന്‍വാടിക്കായി എളമ്പേരത്ത് നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കുട്ടികള്‍ പറയുന്നത് കേള്‍ക്കാനും ആവശ്യപ്പെടുന്നത് ചെയ്തുകൊടുക്കാനോ നമുക്ക് പലപ്പോഴും സാധിക്കാറില്ല. പലപ്പോഴും വീടുകളില്‍ കുട്ടികള്‍ക്ക് ലഭിക്കുന്നത് നിഷേധാത്മക ഊര്‍ജമാണ്. നമ്മുടെ ചിന്തകള്‍ പലപ്പോഴും നിഷേധാത്മകമാണ്.

മനഃശാസ്ത്രം പറയുന്നത് മൂന്ന് വയസ്സായ മനുഷ്യക്കുട്ടിക്ക് ജീവിതത്തിലെ മിക്കവാറും കാര്യങ്ങളെക്കുറിച്ച് ധാരണയുണ്ടാവും എന്നാണ്. മസ്തിഷ്‌കത്തിന് ആവശ്യമായ ഭക്ഷണം ലഭിക്കുക കൂടി ചെയ്യുമ്പോഴാണ് നല്ല ബുദ്ധിയുള്ള കുട്ടികള്‍ രൂപപ്പെടുന്നത്.

കുട്ടികളുടെ സര്‍ഗവാസനകള്‍ വികസിപ്പിച്ചെടുക്കുന്നതിന് അംഗന്‍വാടി കാലം മുതലേ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. അംഗന്‍വാടിക്ക് ഭൂമി സൗജന്യമായി നല്‍കിയ തോമസ് വട്ടക്കുടിയില്‍, മലിക്കന്റകത്ത് ഇബ്രാഹിം ഹാജി എന്നിവരെ മന്ത്രി ആദരിച്ചു.

ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന്‍ അധ്യക്ഷയായി.

വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ പെരുവണ, വാര്‍ഡ് മെംബര്‍ ടി.പി. ശ്രീജ, ജില്ലാ പഞ്ചായത്തംഗം തോമസ് വെക്കത്താനം, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം. മൈമൂനത്ത്, മുഹമ്മദ് അജ്മല്‍ മാസ്റ്റര്‍, തങ്കമ്മ സണ്ണി, ബ്ലോക്ക് പഞ്ചായത്തംഗം ഷീജ കൈപ്രത്ത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.വി. പ്രകാശന്‍,

സിഡിപിഒ വി.പി. ഷീജ, രാഷ്ട്രീയകക്ഷി നേതാക്കളായ കെ.വി. സുകുമാരന്‍ (സിപിഐ), ടി. പവനന്‍ (കോണ്‍ഗ്രസ്), പി.പി ബാലകൃഷ്ണന്‍ (സിപിഐ), ഒ.പി ഇബ്രാഹിംകുട്ടി മാസ്റ്റര്‍ (മുസ്‌ലിം ലീഗ്),

എം.വി. ഉണ്ണികൃഷ്ണന്‍ (ബിജെപി), ജോണ്‍ മുണ്ടുപാലം (കേരള കോണ്‍ഗ്രസ് എം), രാജേഷ് മാത്യു (കോണ്‍ഗ്രസ് എസ്), അബ്രഹാം ഇല്ലിക്കല്‍ (ആര്‍എസ്പി), മാത്യു ചാണക്കാടന്‍ (കേരള കോണ്‍ഗ്രസ് ജെ), ജോസ് മുടവനാട് (ജനതാദള്‍), കൃഷ്ണന്‍ കൂലേരി (സിഎംപി), അംഗന്‍വാടി വര്‍ക്കര്‍ കെ.ബിന്ദു എന്നിവര്‍ സംബന്ധിച്ചു.