അന്‍പത് വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചു, സണ്ണി ഇനി ചെങ്കൊടി തണലില്‍

തളിപ്പറമ്പ്: കോണ്‍ഗ്രസ് പ്രാദേശിക നേതാവും ഐ.എന്‍.ടി.യു.സി നിയോജകമണ്ഡലം സെക്രട്ടെറിയുമായ കെ.എ.സണ്ണി സി.പി.എമ്മില്‍ ചേര്‍ന്നു.

അഞ്ച് പതിറ്റാണ്ട് കാലത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് സണ്ണിയും കുടുംബവും ഇന്ന് വൈകുന്നേരം പുളിമ്പറമ്പ് റെഡ്സ്റ്റാര്‍ വായനശാലയില്‍ നടന്ന ചടങ്ങില്‍ സി.പി.എമ്മില്‍ ചേര്‍ന്നത്.

തളിപ്പറമ്പ് എരിയാ സെക്രട്ടെറി കെ.സന്തോഷ് സണ്ണിയേയുംകുടുംബത്തേയും രക്തഹാരമണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

വി.വി.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.

ടി.ബാലകൃഷ്ണന്‍, വി.ബി.പരമേശ്വരന്‍, ഒ.സുഭാഗ്യം, പുല്ലായികൊടി ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

ലോക്കല്‍ സെക്രട്ടെറി കെ.ബിജുമോന്‍ സ്വാഗതം പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ കോക്കസ് പ്രവര്‍ത്തനം ജനകീയപ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം കാണാന്‍ സാധിക്കാത്തവിധം ആ പാര്‍ട്ടിയെ ദുര്‍ബ്ബലപ്പെടുത്തിയിരിക്കയാണെന്നും ഇനിയും കോണ്‍ഗ്രസില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് മനസിലാക്കിയാണ് പാര്‍ട്ടി വിട്ടതെന്നും അദ്ദേഹം കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.

കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റി അംഗവും പുളിമ്പറമ്പ് ബൂത്ത് വൈസ് പ്രസിഡന്റുമാണ് കെ.എ. സണ്ണി. ഐ.എന്‍.ടി.യു.സി ഓട്ടോ തൊഴിലാളി യൂണിയന്‍തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറിയാണ്.

തളിപ്പറമ്പില്‍ കോണ്‍ഗ്രസിന്റെ അടിത്തട്ടിലെ പല പ്രവര്‍ത്തകരെയും മാറ്റി നിര്‍ത്തി ചില വരത്തന്‍മാര്‍ പാര്‍ട്ടി കയ്യടക്കിയതില്‍ പ്രതിഷേധമുള്ള വലിയവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇനിയും പാര്‍ട്ടി വിടുമെന്ന് സണ്ണി പറഞ്ഞു.

ഭാര്യ റോസ് ലീന, മകള്‍ റിജി, മകളുടെ ഭര്‍ത്താവ് അനീഷ് എന്നിവരും സി.പി.എമ്മില്‍ ചേര്‍ന്നു.