മുങ്ങല്‍ വിദഗ്ദ്ധന്‍മാര്‍ക്ക് പഞ്ചിംങ്ങ് ചികില്‍സ ആരംഭിച്ചു-

നടപടി കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്തയുടെ അടിസ്ഥാനത്തില്‍-

പരിയാരം: മുങ്ങല്‍ വിദഗ്ദ്ധന്‍മാര്‍ക്ക് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പഞ്ചിംങ്ങ് ചികില്‍സ ആരംഭിച്ചു.

മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റിയില്‍ നിന്ന് ഓര്‍ത്തോവിദഗ്ദ്ധന്‍മാര്‍ഉള്‍പ്പെടെ പ്രത്യേക ഡ്യൂട്ടിക്ക് രാത്രിയില്‍ നിയോഗിക്കപ്പെട്ട ഡോക്ടര്‍മാര്‍ മുങ്ങുന്നതായ പരാതി സംബന്ധിച്ച് കഴിഞ്ഞ ഡിസംബര്‍ 21 ന് കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പാള്‍ നടത്തിയ അന്വേഷണത്തില്‍ വാര്‍ത്ത ശരിയാണെന്ന് ബോധ്യപ്പെട്ടിരുന്നു.

ഇതിന് പരിഹാരമായി രാത്രി ഒന്‍പതിനും പത്തിനും ഇടയില്‍ രാത്രി കാഷ്വാലിറ്റി ചുമതലയുള്ള ഡോക്ടര്‍മാര്‍ പഞ്ചിംങ്ങ് നടത്തണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചു.

ഇത് കൂടാതെ ഡ്യൂട്ടിക്കിടയില്‍ മുങ്ങുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനവും ഏര്‍പ്പെടുത്തിയതായി സൂചനയുണ്ട്.

രാത്രികാലങ്ങളില്‍ സീനിയറായ ഒരു ഓര്‍ത്തോവിഭാഗം ഡോക്ടര്‍ ഡ്യൂട്ടിയില്‍ നിര്‍ബന്ധമായും ഉണ്ടാകണമെന്ന് അധികൃതര്‍ പ്രത്യേകം നിഷ്‌ക്കര്‍ഷിച്ചിരിക്കെ അതിന് വിരുദ്ധമായി ഡ്യൂട്ടിക്കിടയില്‍ മുങ്ങുന്നത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ഭക്ഷണം കഴിക്കാന്‍ പോയി, ചായകുടിക്കാന്‍ പോയി, ഇപ്പംവരും എന്നൊക്കെയാണ് കാഷ്വാലിറ്റിയിലുള്ള ചില ജീവനക്കാര്‍ രോഗികളോടും ബന്ധുക്കളോടും പറയുന്നത്.

കാത്തിരുന്ന മടുക്കുന്നവര്‍ രോഗികളുമായി സ്വകാര്യ ആശുപത്രികളിലേക്ക് പോകുകയായിരുന്നു പതിവ്.