നല്ല നാടന്‍കുത്തരി-പുതുവര്‍ഷത്തില്‍ ഒരു തീരുമാനമെടുക്കൂ–ഇനിമുതല്‍ ചെറുതാഴം അരി മതി-

എല്ലാ വായനക്കാര്‍ക്കും കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിന്റെ പുതുവല്‍സരാശംസകള്‍-

(2022 ലേക്ക് ഒരു സ്‌പെഷ്യല്‍ സ്റ്റോറി-)

Report–കരിമ്പം.കെ.പി.രാജീവന്‍-

 

പരിയാരം: ഒരു വിധത്തിലുള്ള വിഷപദാര്‍ത്ഥങ്ങളും ചേര്‍ക്കാതെ ഉല്‍പ്പാദിപ്പിക്കുന്ന ചെറുതാഴം അരി ശീലമാക്കാന്‍ വിളയാങ്കോട് മോഡേണ്‍ പാഡി പ്രോസസിംഗ് യൂണിറ്റ് നിങ്ങളെ ക്ഷണിക്കുന്നു.

കുടുംബശ്രീ പ്രവര്‍ത്തകരായ പത്തു വനിതകള്‍ ചേര്‍ന്ന് നടത്തുന്ന നാടന്‍ അരി ഉല്‍പ്പാദന യൂണിറ്റില്‍ പ്രതിമാസം ഉള്‍പ്പാദിപ്പിക്കുന്നത് ഏഴ് ടണ്‍ നെല്ലിന്റെ അരിയാണ്.

തവിടരി(തവിട് ഒട്ടും കളയാത്തത്), പുഴുങ്ങലരി, ഉണക്കലരി, പെടിയരി എന്നിവയാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. ചെറുതാഴം, ഏഴോം, പട്ടുവം, കടന്നപ്പള്ളി എന്നീ പഞ്ചായത്തുകളിലെ വയലുകളില്‍ വിളയുന്ന നെല്ലാണ് ഇവിടെ ശേഖരിച്ച് അരിയാക്കി മാറ്റുന്നത്. കൂടുതലും ഉമ ഇനത്തില്‍പെട്ട നെല്ലാണ് സംസ്‌ക്കരിക്കുന്നത്.

ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന ഉണക്കലരിയാണ് ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലേക്ക് പായസനിവേദ്യത്തിനും മറ്റ് നിവേദ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്.

10 ടണ്‍ അരിയാണ് ക്ഷേത്രങ്ങളിലെ ആവശ്യത്തിന് മാത്രമായി പ്രതിമാസം ഉപയോഗിക്കുന്നത്.

പരസ്യങ്ങളുടെ യാതൊരു ബഹളവുമില്ലാതിരുന്നിട്ടും നിരവധിപേര്‍ ഗുണമേന്‍മ അറിഞ്ഞ് നേരിട്ടുവന്നാണ് അരി വാങ്ങുന്നതെന്ന് സെക്രട്ടറി യു.രാധ പറഞ്ഞു.

കഴിഞ്ഞ 5 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഈ യൂണിറ്റിന് ചെറുതാഴം പഞ്ചായത്താണ് കെട്ടിടം നിര്‍മ്മിച്ചു നല്‍കിയത്. നാല് ലക്ഷം രൂപ യൂണിറ്റ് തുടങ്ങാനായി എടുത്ത ലോണ്‍ തിരിച്ചടച്ചുകഴിഞ്ഞു.

പ്രതിദിനം 400 രൂപയാണ് ഇവര്‍ കൂലിയായി എടുക്കുന്നത്. ഒരിക്കല്‍ ഉപയോഗിച്ചവര്‍ പിന്നീട് മറ്റൊരു അരിയും ഉപയോഗിക്കില്ലെന്നതാണ് ചെറുതാഴം അരിയുടെ ഏറ്റവും വലിയ പ്രത്യേകത. സാധാരണ അരിയേക്കാള്‍ വില അല്‍പ്പം കൂടുതലാണെങ്കിലും ഗുണമേന്‍മവെച്ച് നോക്കിയാല്‍ അത് ഒട്ടും അധികമല്ലെന്ന് പറയേണ്ടി വരും.

തവിടരിക്ക് 60, പുഴുങ്ങലരിക്ക് 55, ഉണങ്ങലരിക്ക് 50, പൊടിയരിക്ക് 30 എന്നതോതിലാണ് ഒരു കിലോഗ്രാമിന് ഈടാക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തേക്ക് ആവശ്യമായ അരിയാണ് ഇവിടെനിന്നും മൊത്തമായി വാങ്ങുന്നത്.

ഇ.ശാന്ത, പി.വി.സതീദേവി, കെ.വി.ലളിത, എ.സുനിത, പി.വി.റീന, പി.വി.ഷീജ, സി.ജ്യോതി(താല്‍ക്കാലിക സെക്രട്ടറി), യു.രാധ(സെക്രട്ടറി) എന്നിവരാണ് ഇവിടെ ജോലിചെയ്യുന്നത്.