പോലീസെങ്കില്‍ യൂണിഫോമെവിടെ-ഉദ്യോഗസ്ഥ, നിങ്ങളെന്താ സാരിയുടക്കാത്തതെന്ന് പോലീസുകാരന്
ബോവിക്കാനം:തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പോലീസുകാരന് മദ്യപിച്ച് ബഹളമുണ്ടാക്കി, പ്രിസൈഡിംഗ് ഓഫീസറോട് മോശമായി പെരുമാറി. പോലീസ് എത്തിയപ്പോള്‍ കാറില്‍ കയറി രക്ഷപ്പെട്ടു. സി.പി.ഒ സനൂപ് ജോണ്‍ എന്നയാളാണ് കാറില്‍ രക്ഷപ്പെട്ടത്. സംഭവത്തില്‍ ആദൂര്‍ പോലീസ് അമിതവേഗതിയില്‍ കാറോടിച്ച് പോയതിന് കേസെടുത്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ-
മുളിയാര്‍ ഗ്രാമ പഞ്ചായത്തിലെ ബെഞ്ച് കോര്‍ട്ട് വാര്‍ഡിലെ ബൂത്ത് ആയ ബോവിക്കാനം എ.യു.പി സ്ക്കൂളില്‍ ഇന്നലെ വൈകുന്നേരം 4.25 നാണ് സംഭവം.
പ്രിസൈഡിംഗ് ഓഫീസറായ നെല്ലിക്കുന്ന് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ അധ്യാപിക അനസൂയയാണ് പോളിംഗ് ഡ്യൂട്ടിക്കെത്തിയ പോലീസുകാരന് സനൂപ് ജോണ്‍, (സി.പി.ഒ 2172) എന്നയാള്‍ മദ്യപിച്ചതായി തോന്നുന്നു എന്നും പെരുമാറ്റത്തിലും മാറ്റമുണ്ട് എന്നും ആദൂര്‍ ഇന്‍സ്പെക്ടര്‍ എം.വി.വിഷ്ണുപ്രസാദിനെ അറിയിച്ചത്.
വിവരം തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന കാസര്‍ഗോഡ് ഡിവൈ.എസ്.പി അനില്‍കുമാറിനെ അറിയിച്ച ശേഷം ഇന്‍സ്പെക്ടര്‍ എ.എസ്.ഐ സത്യപ്രകാശ്, സി.പി.ഒ ഉണ്ണികൃഷ്ണന് എന്നിവരോടൊപ്പം ബൂത്തിലെത്തി.
പ്രിസൈഡിങ് ഓഫിസറെ നേരില്‍ കണ്ട് സംസാരിച്ചപ്പോള്‍, ഉദ്യോഗസ്ഥ ബൂത്തില്‍ ഉണ്ടായ സമയം ഒരാള്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് ബൂത്തിലേക്ക് കയറി വന്നതായും, ബൂത്ത് ഏജന്റോ ഏതെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകരോ മറ്റോ ആയിരിക്കുമെന്ന് കരുതി എന്താണ് കാര്യമെന്ന് തിരക്കിയപ്പോള്‍,
വന്നയാള്‍ താന്‍ പോലീസ് ആണെന്ന് മറുപടി പറയുകയും പോലീസ് ആണെങ്കില്‍ യൂണിഫോം വേണ്ടേ എന്ന് ഉദ്യോഗസ്ഥ ചോദിച്ചപ്പോള്‍ നിങ്ങള്‍ എന്താ സാരി ഉടുക്കാത്തത് എന്ന് തിരിച്ചു ചോദിച്ചതായും പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥന് എവിടെ എന്ന് ചോദിച്ചപ്പോള്‍ ഉള്ളില്‍ കിടക്കുന്നുണ്ട് എന്ന് പറഞ്ഞതുപ്രകാരം എ.എസ്.ഐ സത്യപ്രകാശ് അകത്തു കയറി, പോലീസ് ഉദ്യോഗസ്ഥനെ അകത്തുനിന്നും കൂട്ടി പുറത്തേക്ക് കൊണ്ടുവന്നു.
മദ്യപിച്ചിട്ടുണ്ടോ എന്ന് പോലീസ് ഉദ്യോഗസ്ഥനോട് ചോദിച്ചപ്പോള്‍ ഇന്ന് മദ്യപിച്ചിട്ടില്ല, ഇന്നലെ മദ്യപിച്ചിരുന്നു എന്നായിരുന്നു മറുപടി.
എന്നാല്‍ ഇയാളുടെ ഉച്ഛാശ്വത്തിലും സംസാരത്തിലും പെരുമാറ്റത്തിലും മദ്യപിച്ചതായി അനുഭവപ്പെട്ടതിനാല്‍ മെഡിക്കല്‍ ടെസ്റ്റ് നടത്താമെന്ന് ഇന്‍സ്പെക്ടര്‍ പറഞ്ഞപ്പോള്‍
ഞാന്‍ യൂണിഫോം മാറ്റി വരാം എന്ന് പറഞ്ഞ് റസ്റ്റ് റൂമിലേക്ക് കയറി പോയ സനൂപ് ജോണ്‍ പിന്നീട് മുണ്ടും ഷര്‍ട്ടും ധരിച്ച് ബാഗുമായി വന്ന് പുറത്ത് പാര്‍ക്ക് ചെയ്ത ഇയാളുടെ വൈറ്റ് കളര്‍ സ്വിഫ്റ്റ് ഡിസയര്‍ കാറിലേക്ക് കയറി ഓടിച്ചുപോവുകയുമായിരുന്നു.
