ഭുമാഫിയ വാങ്ങിക്കൂട്ടിയ സ്ഥലങ്ങള്‍ കാടുകളായി-നടപടിവേണമെന്ന് തളിപ്പറമ്പ് താലൂക്ക് വികസനസമിതി-
പഞ്ചായത്ത്തല ഗ്രാമസഭകള്‍ ഈ മാസം 5 മുതല്‍
തളിപ്പറമ്പ്: മലയോര റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ത്വരിതപ്പെടുത്തണമെന്ന് തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു.
കനത്തമഴയില്‍ റോഡുകള്‍ മിക്കതും തകര്‍ന്നുകിടക്കുകയാണെന്നും, ഇത് അടിയന്തിരമായ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
കാവുമ്പായി-കരിവെള്ളൂര്‍ റോഡിലെ അനധികൃത കയ്യേറ്റം പൂര്‍ണമായി കണ്ടെത്തി സ്ഥലം ഏറ്റെടുത്ത് റോഡ് പുനസൃഷ്ടിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
മലയോരമേഖലകളില്‍ ഭൂമാഫിയ വിലക്കുവാങ്ങിയ ഏക്കര്‍കണക്കിന് ഭൂമിയില്‍ കടാട്പിടിച്ചുകിടക്കുന്നത്കാരണം കാട്ടുപന്നികള്‍ വിഹരിക്കുകയാണെന്നും ഇവ കൃഷിയോഗ്യമാക്കാനോ, കാടുകള്‍ വെട്ടിത്തെളിക്കാനോ നടപടികള്‍ വേണമെന്നും യോഗം ആവശ്യപ്പെട്ടു.
തളിപ്പറമ്പ് ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസിന്റെ അപകടകരമായ നിലയിലുള്ള മതില് പുതുക്കിപ്പണിയണമെന്ന പരാതിയില്‍ നടപടികള്‍ സ്വീകരിക്കാന്‍ യോഗം ബ്ലോക്ക് പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. നിരവധി തവണ രേഖാമൂലം ആവശ്യപ്പെട്ടിട്ടും ബ്ലോക്ക് അധികൃതര്‍ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും, അനാവശ്യമായ കാര്യങ്ങള്‍ക്ക് ലക്ഷങ്ങള്‍ ചെലവഴിക്കുകയാണെന്നും സമീപവാസിയായ പരാതിക്കാരന് വികസനസമിതി മുമ്പാകെ പറഞ്ഞു.
ഏരുവേശി പി.എച്ച്.സിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.നാരായണന് മാസ്റ്ററുടെ പരാതിയില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ഡി.എം.ഒയോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു.
പഞ്ചായത്ത്തല ഗ്രാമസഭകള്‍ ഈ മാസം 5 മുതല്‍ ചേരാന്‍ തീരുമാനിച്ചതായി ബന്ധപ്പെട്ടവര്‍ യോഗത്തെ അറിയിച്ചു.
കോവിഡ് കാരണം ഒന്നരവര്‍ഷത്തോളമായി ഗ്രാമസഭകള്‍ മുടങ്ങിക്കിടക്കുകയാണെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു.
ആന്തൂര്‍ നഗരസഭ വൈസ് ചെയര്പേഴ്സന് വി.സതീദേവി അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ മന്ത്രിയുടെ പ്രതിനിധി കെ.കൃ,്ണന്, കെ.സുധാകരന് എം.പിയുടെ പ്രതിനിധി ഇ.കെ.മധു, അര്.ഡി.ഒ ഇ.പി.മേഴ്സി, തഹസില്‍ദാര്‍ പി.കെ.ഭാസ്ക്കരന്‍, ഭൂരേഖ തഹസില്‍ദാര്‍ ഇ.എം.റെജി എന്നിവര്‍ പങ്കെടുത്തു.