ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസും സി.പിഎമ്മും ഒന്നിക്കണം- സി.വി.ദയാനന്ദന്‍, പയ്യന്നൂര്‍.

ജനപിന്തുണയുള്ള കോണ്‍ഗ്രസും സി.പി.എമ്മും യോജിച്ച് പ്രവര്‍ത്തിക്കാനുള്ള രാഷ്ട്രിയ സാഹചര്യം സംജാതമായിരിക്കയാണെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ സി.വി.ദയാനന്ദന്‍.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിളരുന്നതിന്റെ മുമ്പ് 1968 ല്‍ കോണ്‍ഗ്രസിലെ റാഡിക്കല്‍ ഫോറം പാസാക്കിയ പ്രമേയം ഇങ്ങനെ ഒരു നിര്‍ദ്ദേശം മുന്നോട്ടു വെച്ചിരുന്നു.

രണ്ട് പാര്‍ട്ടികളിലും അനുകുലമായും പ്രതികൂലമായും ചര്‍ച്ചകള്‍ നടന്നിരുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പിള്ളേര് പറയുന്നതില്‍ കാര്യമുണ്ടെന്നാണ് അന്ന് പ്രതികരിച്ചത്.

കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടും എന്നതായിരുന്നു സി.പി.എം നേതാവ് ഇ.എം.എസിന്റെ പ്രതികരണം.

പില്‍ക്കാലത്ത് ഭാരതപരിവര്‍ത്തനം കോണ്‍ഗ്രസിലുടെ എന്ന ചുമരെഴുത്ത് നടത്തിയ പരിവര്‍ത്തനവാദികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഇ.എം.എസ് തുറന്നകത്തെഴുതി. പരിവര്‍ത്തനവാദികള്‍ അതിന് മറുപടി നല്‍കുകയും  തുടര്‍ന്ന് സഹകരിച്ച പ്രവര്‍ത്തനവും നടന്നു.

അതിന്നെതിരെ കാടടച്ച് പ്രചരണം നടത്തിയ എ.കെ.ആന്റണിയും കൂട്ടരുമായും പിന്നിട് സാക്ഷാല്‍ കരുണാകരന്റെ കോണ്‍ഗ്രസുമായിട്ടും സി.പി.എം സഹകരിച്ചിട്ടുണ്ട്.

ദേശീയ തലത്തില്‍ ഇന്ത്യ മുന്നണിയില്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നവര്‍ കേരളത്തില്‍ മാത്രം മാറി നില്‍ക്കുന്നതെന്തിനെന്നും   ദയാനന്ദന്‍ ചോദിച്ചു.

യുത്ത് കോണ്‍ഗ്രസിന്റെ പുരോഗമനപരവും ചരിത്രപരവുമായ പല പ്രമേയങ്ങളും പാസായത് പാലക്കാട് സമേളനത്തില്‍ വെച്ചാണ്.

പാലക്കാട് നിന്നാണ് ഇപ്പോള്‍ ഐക്യകാഹളം മുഴങ്ങുന്നത്.

പൊതുമിനിമം പരിപാടിയുടെയും പ്രശ്‌നാധിഷ്ഠിതമായും വരാന്‍ പോകുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യോജിച്ച പ്രവര്‍ത്തന സാധ്യതകള്‍ സംജാതമായിരിക്കയാണെന്നും ദയാനന്ദന്‍ പറയുന്നു.