നമ്മളൊക്കെ പൊതുപ്രവര്‍ത്തകരല്ലേ സുബൈറേ–സി.എം.കൃഷ്ണന്റെ തുറന്ന മറുപടി-

തളിപ്പറമ്പ്: ഒരു വിവാഹവുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ്  നേ
താവ് പി.കെ.സുബൈര്‍ സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച തുറന്നകത്തിന് സി.പി.എം.നേതാവും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ സി.എം.കൃഷ്ണന്റെ തുറന്ന മറുപടി-ചുവടെ-

പ്രിയ സുഹൃത്ത് പി കെ സുബൈര്‍,താങ്കള്‍ക്ക് സുഖം തന്നെയെന്ന് കരുതുന്നു…
താങ്കള്‍ എഴുതിയ തുറന്ന കത്ത് ശ്രദ്ധയില്‍പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ വസ്തുതകള്‍ അറിയിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതുന്നത്.

ചുടലയില്‍ ഉള്ള സഹലയും പ്രഭാതും തമ്മില്‍ നടന്ന വിവാഹം അവര്‍ രണ്ടു പേരുടെയും ഉറച്ച തീരുമാനത്തിന്റെ ഭാഗമായി നടന്നതാണ്.

അതില്‍ സിപിഐ (എം)നോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയില്‍ എനിക്കോ യാതൊരു ബന്ധവുമില്ല.

നമ്മുടെ രാജ്യത്ത് നിലവിലുള്ള ഭരണഘടന അനുസരിച്ച് നിയമവ്യവസ്ഥ പാലിച്ചുകൊണ്ട് നിയമാനുസൃതമായി വിവാഹിതരായി വധൂവരന്‍മാരായ പ്രഭാതിനെയും സഹലയെയും യാദൃശ്ചികമായി ഞാന്‍ കണ്ടു മുട്ടിയതാണ്.

സഹലയെ എനിക്ക് ഇതിനുമുമ്പ് അറിയുകപോലുമില്ല. പ്രഭാതിന് എന്നെ അറിയാം ആ പരിചയം വച്ച് വിവാഹിതരായവര്‍ എന്നോടൊപ്പം നിന്ന് ഒരു ഫോട്ടോ എടുത്തതില്‍ എന്താണ് തെറ്റ്.

നമ്മളൊക്കെ പൊതുപ്രവര്‍ത്തകര്‍ അല്ലേ സുബൈറേ. പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇത്തരം സന്ദര്‍ഭങ്ങള്‍ താങ്കള്‍ക്കും ഉണ്ടായി കാണും എന്ന് ഞാന്‍ വിശ്വസിക്കുന്നു.

പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ വിവാഹിതരായി ജീവിക്കാന്‍ തീരുമാനിക്കുന്നത് മതവിരുദ്ധമോ ജീവകാരുണ്യത്തിന് നിരക്കാത്ത കാര്യമോ നിയമവിരുദ്ധമോ അല്ലല്ലോ.

മനുഷ്യസ്‌നേഹത്തിന്റെയും കരുണയുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതത്തെ എന്തിനു വേണ്ടിയാണ് അനാവശ്യമായി ഇതിലേക്ക് വലിച്ചിഴക്കുന്നത്.

ഉമ്മയുടെയും ഉപ്പയുടെയും മറ്റ് ബന്ധുക്കളുടെയും മാനസിക വിഷമം സ്വാഭാവികമാണ്.

അത് പരിഹരിക്കാനും അവരെ ആശ്വസിപ്പിക്കുന്നതിനും, അവരോടൊപ്പം നിന്ന് യഥാര്‍ത്ഥ വസ്തുതകള്‍ ബോധ്യപ്പെടുത്താനും നമ്മുക്ക് കൂട്ടായി പരിശ്രമിക്കാം.

ചില കുബുദ്ധികള്‍ ബോധപൂര്‍വ്വം വര്‍ഗ്ഗീയ പരമായ ചേരിതിരിവിനും രാഷ്ട്രീയ മുതലെടുപ്പിനും വേണ്ടി നടത്തുന്ന വസ്തുതകള്‍ക്ക് നിരക്കാത്ത ദുഷ്പ്രചാരവേലയെ തള്ളിക്കളയണമെന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

എന്ന്,
സി എം കൃഷ്ണന്‍
പ്രസിഡന്റ്
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്