സാന്നിധ്യം അനുഭവിപ്പിക്കുന്ന ദൈവീകമായ അന്തരീക്ഷത്തില്‍ ഫാ.സുക്കോള്‍ മ്യൂസിയം നാളെ തുറക്കും-
ലൈബ്രറിയും കിടപ്പുമുറിയും അടുക്കളയും ഓഫീസും ഭക്ഷണമുറിയുമെല്ലാം അതുപോലെ–
Report-–KARIMBAM.K.P.RAJEEVAN
പരിയാരം: ഫാദര്‍ എല്‍ .എം.സുക്കോള്‍ മ്യൂസിയം നാളെ പൊതുജനങ്ങള്‍ക്കായി തുറക്കും.
അദ്ദേഹത്തിന്റെ എട്ടാം ചരമവാര്‍ഷിക ദിനമായ നാളെ കണ്ണൂര്‍ രൂപതാ ബിഷപ്പ് ഡോ.അലകസ് വടക്കുംതല മ്യൂസിയം ഔപചാരികമായി തുറന്നുകൊടുക്കും.
മരിയപുരം നിത്യസഹായ മാതാ ദേവാലയവളപ്പിലാണ് മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്.
നാല്‍പ്പത് വര്‍ഷത്തോളം ഇവിടെ ഇടവക വികാരിയായിരുന്ന സുക്കോളച്ചന്‍ മരണം വരെ താമസിച്ചിരുന്ന വീടാണ് മ്യൂസിയമാക്കി മാറ്റിയിരിക്കുന്നത്.
ദ്രവിച്ച് അപകടാവസ്ഥയിലായ മേല്‍പ്പുരക്ക് പകരം മുകളില്‍ പ്രത്യേകമായ ഇരുമ്പ് മേല്‍ക്കൂര പണിത് സുരക്ഷിതമാക്കിയിട്ടുണ്ട്.
ലൈബ്രറി, കിടപ്പുമുറി, ഓഫീസ്, അടുക്കള, ഭക്ഷണ മുറി എന്നിവ അതുപോലെ സജ്ജീകരിച്ചിട്ടുണ്ട്.
സുക്കോച്ചന്‍ ഇന്ത്യയിലെത്തിയ 1948 മുതല്‍ അദ്ദേഹം മരിക്കുന്നത് വരെ ഉപയോഗിച്ച എല്ലാ സാധനങ്ങളും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
1916 ല്‍ വടക്കന്‍ ഇറ്റലിയില്‍ ജനിച്ച ഇദ്ദേഹം 1972 ലാണ് പരിയാരം നിത്യസഹായ മാതാ ദേവാലയത്തില്‍ ഇടവക വികാരിയായി എത്തിയത്.
പതിനായിരം വീടുകളാണ് സുക്കോളച്ചന്‍ പാവങ്ങള്‍ക്ക് നിര്‍മ്മിച്ചു നല്‍കിയത്. ഇരുപതിനയാരത്തോളം പേര്‍ക്ക് ഉപജീവനത്തിനായി കന്നുകാലികളേയും ഓട്ടോറിക്ഷ, ആടുകള്‍, തയ്യല്‍ മെഷീന്‍ എന്നിവയും വാങ്ങിനല്‍കിയിരുന്നു.
നിരവധിപേര്‍ക്ക് ചികിത്സാ സഹായങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.
സുക്കോളച്ചന്‍ ഉപയോഗിച്ച തിരുവസ്ത്രങ്ങള്‍, ബൈബിള്‍, വാക്കിംഗ്‌സ്റ്റിക്കുകള്‍, തൊപ്പികള്‍, ചെരിപ്പുകള്‍ തുടങ്ങി എല്ലാ വസ്തുക്കളും മ്യൂസിയത്തിലുണ്ട്.
2014 ജനുവരി ആറിനാണ് ഫാ.സുക്കോള്‍ അന്തരിച്ചത്. അദ്ദേഹത്തിന്റെ ഭൗതികദേഹം അടക്കംചെയ്ത നിത്യസഹായമാതാ ദേവാലയം കണ്ണൂര്‍ രൂപതയിലെ തീര്‍ത്ഥാടന കേന്ദ്രമാണ്.