സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച എസ്.ഡി.പി. ഐ പ്രവര്‍ത്തകര്‍ക്ക് 18 വര്‍ഷം തടവും 9 ലക്ഷം പിഴയും ശിക്ഷ

തളിപ്പറമ്പ്:പയ്യന്നൂര്‍ രാമന്തളി വടക്കുമ്പാട് സിപിഎം ബ്രാഞ്ച് സെക്രട്ടിയെ മാരകായുധങ്ങളുമായി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ എസ്.ഡി പി.ഐ പ്രവര്‍ത്തകരായ പ്രതികള്‍ക്ക് 18 വര്‍ഷം തടവും 9 ലക്ഷം പിഴയും ശിക്ഷ.

രാമന്തളി വടക്കുമ്പാട്ടെ തളിക്കാരന്‍ ഹൗസില്‍ ഹനാന്‍, അറുമാടിയില്‍ ഹൗസില്‍ മുഹമ്മദ് അബ്ദുളള, എം.പി.ഫൈസല്‍ എന്നിവരെയാണ് തളിപ്പറമ്പ് അ ഡീഷണല്‍ ജില്ലാ ജഡ്ജ് കെ.എന്‍.പ്രശാന്ത് ശിക്ഷിച്ചത്.

17 വര്‍ഷം കഠിന തടവും 1 വര്‍ഷം വെറും തടവുമാണ് വിധിച്ചത്.

പിഴ അടക്കുന്ന തുക പരാതിക്കാരന് നല്‍കണം.

2015 സപ്തംബര്‍ പതിനേഴിന് വൈകുന്നേരം ആറരമണിക്കാണ് സി.പി.എം പ്രവര്‍ത്തകനും രാമന്തളി സര്‍വ്വീസ് സഹകരണബേങ്ക് ജീവന ക്കാരനുമായ കെ.വിജയന്‍ രാമന്തളി വടക്കുമ്പാടുള്ള യാഷിക ലൈറ്റ് ആന്റ് സൗണ്ട് എന്ന സ്ഥാപനത്തിനു മുന്നില്‍ വെച്ച് സംസാരിച്ചു നില്‍ക്കെയാണ് പ്രതികള്‍ അക്രമിച്ചത്. 

ബൈക്കിലെത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ പ്രതികള്‍ രാഷ്ടീയ വിരോധം വെച്ച് കൊല്ലണമെന്ന ഉദ്ദേശത്തോടെ ഒന്നാം പ്രതി വാള്‍കൊണ്ട് തലക്കും കാലിനും വെട്ടിയും നിലത്തുവീണ വിജയനെ രണ്ടും മൂന്നും പ്രതികള്‍ കാലു കൊണ്ട് ചവിട്ടിയും പരിക്കേല്‍പ്പിച്ചുവെന്നായിരുന്നു കേസ്.

അന്നത്തെ പയ്യന്നൂര്‍ സി.ഐ. ആയിരുന്ന പി.കെ.മണിക്കായിരുന്നു കേസന്വേഷണ ചുമതലയുണ്ടായിരുന്നത്.

പരിക്കേറ്റ് ഏറെ നാള്‍ ചികിത്സയിലായിരുന്ന വിജയന്റെ സംസാരശേഷിക്കും ശരീരത്തിന് വലതു ഭാഗത്തും ഇപ്പോഴും പ്രയാസം നേരിടുന്നുണ്ട്.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ യു.രമേശന്‍ ഹാജരായി