ഡയാലിസിസ് വാര്‍ഡുകളില്‍ കോവിഡ് പോസിറ്റീവ് രോഗികള്‍ക്ക് പ്രത്യേക സംവിധാനം വേണം

പരിയാരം: ഡയാലിസിസ് വാര്‍ഡുകളില്‍ കോവിഡ് പോസിറ്റീവ് രോഗികള്‍ക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു.

കണ്ണൂര്‍ ജില്ലയില്‍ കോവിഡ് അതിതീവ്രമായി ബാധിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ വൃക്കരോഗത്താല്‍ ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ കോവിഡ് ബാധിതനായാല്‍ ഡയാലിസിസ് ചെയ്യാനുള്ള സംവിധാനമില്ലാത്തത് കടുത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഈ സംവിധാനം ഉണ്ടെങ്കിലും നിലവില്‍ അവിടെയുള്ള ഡയാലിസിസ് ചെയ്യുന്നവരും കൊവിഡ് ബാധിച്ച് പുറത്തുനിന്ന് എത്തുന്ന രോഗികളെയും മുഴുവന്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പോകാനുള്ള സൗകര്യം പരിമിതമാണ്.

ഈ അവസരത്തില്‍ സ്വകാര്യ ആശുപത്രികളിലും മറ്റു ഡയാലിസ് സ്ഥാപനങ്ങളിലും ഇതിനുള്ള സംവിധാനം ഉണ്ടാക്കാന്‍ ഉത്തരവ് പ്രകടിപ്പിക്കണമെന്നാണ് ആവശ്യം.

ഇപ്പോള്‍ അതിതീവ്രവ്യാപന സമയത്ത് പല രോഗികളും കോവിഡ് ബാധിച്ചാല്‍ കോഴിക്കോട്ടെ വിവിധ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്.

ഇത് രോഗികള്‍ക്ക് ഇരട്ടി ചെലവും ബാധ്യതയുമാണുണ്ടാക്കുന്നത്. ഇവിടെയുള്ള ഡയാലിസിസ് സെന്ററുകളില്‍ മഞ്ഞപ്പിത്തം, എച്ച്‌ഐവി ബാധിച്ചിട്ടുള്ള ഡയാലിസിസ് രോഗികള്‍ക്കുള്ള പോസിറ്റീവ് വാര്‍ഡുകള്‍ ഇല്ല.

സ്വകാര്യ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോസിറ്റീവ് വാര്‍ഡുകള്‍ ക്രമീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കണമെന്നാണ് ആവശ്യം.

കണ്ണൂര്‍ ജില്ലയില്‍ ഗവ.മെഡിക്കല്‍ കോളേജ്,
സി.എച്ച് സെന്റര്‍ എന്നിവിടങ്ങളില്‍ മാത്രമേ ഈ സംവിധാനമുള്ളൂ. കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ഉണ്ടെങ്കിലും അത് ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്.

അതുകൊണ്ട് എല്ലാ ഡയാലിസിസ് സെന്ററുകളിലും ഒന്നോ രണ്ടോ പോസിറ്റീവ് വാര്‍ഡുകള്‍ ഉണ്ടാക്കാന്‍ ജില്ലാ കലക്ടര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് PORFA കണ്ണൂര്‍ ജില്ലാകമ്മറ്റി പ്രസിഡന്റ് പ്രേമരാജന്‍ പുന്നാട്, ട്രഷറര്‍ എം.റിജില്‍ എന്നിവര്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി.