ബോംബ് സ്‌ഫോടനം ആര്‍.എസ്.എസ് നേതാവിന്റെ വീട്ടില്‍ റെയിഡ്-

കാങ്കോല്‍(കണ്ണൂര്‍): ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായി ആര്‍.എസ്.എസ്. നേതാവിന് പരിക്ക്.

ആലക്കാട് താമസിക്കുന്ന ആര്‍.എസ്.എസ് നേതാവ് ബിജു ആലക്കാടിനാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്.

കൈയിലെ രണ്ട് വിരലുകള്‍ അറ്റുപോയ ബിജുവിനെ കോഴിക്കോട്ടെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാടന്‍ ബോംബ് നിര്‍മ്മാണത്തിനിടെ നടന്ന സ്‌ഫോടനത്തിലാണ് ബിജുവിന് പരിക്കേറ്റതെന്ന് പോലീസ് അറിയിച്ചു.

സ്‌ഫോടനം നടന്ന സ്ഥലത്ത് പോലീസ് ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി.

ശനിയാഴ്ച പതിനൊന്ന് മണിക്ക് ബിജുവിന്റെ വീടിന് സമീപത്ത് നിന്ന് സ്‌ഫോടനശബ്ദം കേട്ടതായി നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചിരുന്നു.

പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ സ്‌ഫോടനം നടന്നതിന്റെ തെളിവ് കിട്ടിയിരുന്നില്ല. പരിശോധന നടത്തുന്ന സമയത്ത് ബിജുവും വീട്ടിലുണ്ടായിരുന്നില്ല.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പരിക്കേറ്റ ബിജു കോഴിക്കോട് അത്തോളിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതായി കണ്ടെത്തിയത്.

മെഡിക്കല്‍ കോളേജില്‍ പെരിങ്ങോം എസ്.ഐ. പി.യദുകൃഷ്ണന്‍ എത്തിയെങ്കിലും ചികിത്സയിലായിരുന്നതിനാല്‍ ബിജുവില്‍ നിന്ന് മൊഴി എടുക്കുവാന്‍ സാധിച്ചിട്ടില്ല.

ഞായറാഴ്ച പയ്യന്നൂര്‍ ഡി.വൈ.എസ്.പി. കെ.ഇ. പ്രേമചന്ദ്രന്‍, പെരിങ്ങോം സി.ഐ. പി.സുഭാഷ് എന്നിവരുടെ നേതൃത്വത്തില്‍

വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരും ബിജുവിന്റെ വീട്ടിലും പരിസരത്തും പരിശോധന

നടത്തിയിരുന്നു. പരിശോധനയില്‍ രക്തക്കറയും നാടന്‍ ബോംബിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയതായി പോലീസ് അറിയിച്ചു.