കണ്ണൂര്‍ ഗവ.മെഡിക്കല്‍ -‘മാലിന്യ’- കോളേജ്-പരിയാരം—

പരിയാരം: തുറന്ന സ്ഥലത്തെ മാലിന്യനിക്ഷേപംകൊണ്ട് പൊറുതിമുട്ടി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജും പരിസരവും.

119 ഏക്കര്‍ വിസ്തീര്‍ണത്തിലുള്ള കാമ്പസിന്റെ പല ഭാഗങ്ങളിലും രഹസ്യമായി തുറന്നസ്ഥലങ്ങളില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും രോഗം പരത്തുന്ന ആശുപത്രി മാലിന്യങ്ങളും ഒരു വിധ നിയന്ത്രണങ്ങളുമില്ലാതെ വലിച്ചെറിയുകയാണ്.

ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും താമസിക്കുന്ന കാമ്പസിനകത്തെ ഡി- ടൈപ്പ് ക്വാര്‍ട്ടേഴ്‌സിന് സമീപം ഇത്തരത്തിലുള്ള മാലിന്യ നിക്ഷേപം കൊണ്ട് രക്ഷയില്ലാതായതായി താമസക്കാര്‍ പറയുന്നു.

ഇതില്‍ ഇവിടെയുള്ള ചിലര്‍ക്ക് പങ്കുള്ളതായും ആക്ഷേപമുണ്ട്. ആശുപത്രിയിലെ രോഗികളുടെ ശസ്ത്രക്രിയ അവശിഷ്ടങ്ങളുള്‍പ്പെടെയാണ് തുറന്ന സ്ഥലത്ത് വലിച്ചെറിയുന്നതെന്നും പരാതികള്‍ ഉയരുന്നുണ്ട്.

കാക്കകളും പരുന്തുകളുമൊക്കെ കൊത്തിവലിച്ച് ഇവ ക്വാര്‍ട്ടേഴ്‌സുകളില്‍ വരെ കൊണ്ടിടുന്ന സ്ഥിതിയാണെന്ന് താമസക്കാര്‍ പറയുന്നു.

ഈ ഭാഗത്ത് തമ്പടിക്കുന്ന തെരുവ്പട്ടികളും രാത്രി കാലങ്ങളില്‍ കൂട്ടമായി എത്തുന്ന കാട്ടു പന്നികളടക്കം രക്തമാലിന്യങ്ങള്‍ ഭക്ഷിക്കാനെത്തുന്നുണ്ട്.

നിരവധി തവണ പരാതി പറഞ്ഞിട്ടും പരിഹാരമില്ലാതെ ഇത് തുടരുകയാണ്.

പരാതിപ്പെട്ടാല്‍ കുറച്ചുദിവസം മാലിന്യനിക്ഷേപം നിര്‍ത്തുമെങ്കിലും വീണ്ടും തുടരുകയാണേത്രെ പതിവ്.

ഇത്തരത്തില്‍ അഞ്ചോളം സ്ഥലങ്ങളില്‍ മാലിന്യനിക്ഷേപമുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. നേരത്തെ തുറന്ന സ്ഥലത്ത് പ്ലാസ്റ്റിക്ക്

മാലിന്യങ്ങള്‍ കത്തിക്കുന്നതിനെതിരെ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് അധികൃതര്‍ ആശുപത്രിക്ക് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഏതാനും ദിവസം നിര്‍ത്തിയ കത്തിക്കല്‍ വീണ്ടും നിര്‍ബാധം തുടരുകയാണ്.

ആശുപത്രിക്കകത്ത് ആക്ഷന്‍ ഹീറോയായി മാറുന്ന പ്രിന്‍സിപ്പാള്‍ ഇത്തരം കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.

മെഡിക്കല്‍ കോളേജ്, ദന്തല്‍ കോളേജ്, നേഴ്‌സിങ്ങ് കോളേജ്, ഫാര്‍മസി-പാരാമെഡിക്കല്‍ കോളേജുകളും നേഴ്‌സിങ്ങ് സ്‌കൂളും ബാങ്കുകളും നിരവധി കടകളും ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന

മെഡിക്കല്‍ കോളേജ് കാമ്പസിനകത്ത് ശാസ്ത്രീയ മാലിന്യനിര്‍മാര്‍ജന സംവിധാനങ്ങളില്ലാത്തതാണ് ഇത്തരം ദുരവസ്ഥക്ക് കാരണമെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.

മാലിന്യനിക്ഷേപം തുടരുന്നപക്ഷം മലിനീകരണ നിയന്ത്രണ ബോര്‍ഡക്കമുള്ളവര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ജീവനക്കാരും നാട്ടുകാരും.