ഔഷധി ഗാര്‍ഡനില്‍ ഇനി പച്ചമരുന്നുകളും–മുറികൂട്ടി കൃഷിക്ക് തുടക്കമായി
പരിയാരം: ഔഷധിയില്‍ ഇനി എല്ലായിനം പച്ചമരുന്നുകളും ലഭ്യമാക്കാന്‍ പദ്ധതി തയ്യാറായി.
പരിയാരത്തെ ഔഷധസസ്യ ഗാര്‍ഡനിലാണ് പച്ചമരുന്നുകള്‍ കൃഷിചെയ്യുന്നത്.
ആദ്യഘട്ടമായി മുറികൂട്ടി എന്ന പേരിലറിയപ്പെടുന്ന പച്ചമരുന്നാണ് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്തിരിക്കുന്നത്.
ഔഷധിയുടെ മരുന്നുകളുടെ ചേരുവയല്ലെങ്കിലും മുറികൂട്ടി വളരെ പ്രധാനപ്പെട്ട പച്ചമരുന്നുന്നാണ്യ ശരീരത്തിലുണ്ടാവുന്ന മുറിവുകളെ
കൂട്ടുന്നത് ആയതിനാല്‍ മുറികൂട്ടി എന്ന് പറയുന്ന ഈ പച്ചമരുന്ന് ആദിവാസികളുള്‍പ്പെടെ വലിയൊരു വിഭാഗം പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നതാണ്.
മുറിയൂട്ടി, മുറിവൂട്ടി, മുറികൂടി, മുക്കുറ്റി എന്ന പേരുകളിലെല്ലാം ഇത് അറിയപ്പെടുന്നുണ്ട്.
ഇലകള്‍ കൈയില്‍ വെച്ച് തിരുമ്മി പിഴിഞ്ഞ നീര് മുറിവില്‍ പുരട്ടിയാല്‍ പെട്ടെന്ന് തന്നെ മുറിവ് കൂടിച്ചേര്‍ന്ന് ഉണങ്ങുമെന്നതാണ് ഈ മരുന്നിന്റെ പ്രത്യേകത.
ചൊറി, ചിരങ്ങ് എന്നിവ മാറാനും ഈ ചെടിയുടെ നീര് ഉപയോഗിക്കുന്നുണ്ട്.
സ്‌ട്രോബിലാന്തസ് ജനുസില്‍പെട്ട ഒരു സസ്യമാണ് മുറികൂട്ടി, സ്‌ട്രോബിലാന്തസ് ആള്‍ട്ടര്‍നാറ്റ എന്ന ശാസ്ത്രീയനാമത്തിലുള്ള ഇത് പര്‍പ്പിള്‍ നിറത്തിലുള്ള ഇലകളോടുകൂടിയ ഒരു കുറ്റിച്ചെടിയാണ്.
ലോകത്തിന്റെ പലഭാഗങ്ങളിലും നാട്ടുമരുന്നായി ഉപയോഗിക്കുന്ന ഈ ചെടി അമേരിക്കയിലും ബ്രിട്ടനിലും പൂന്തോട്ടങ്ങളില്‍ ചട്ടികളില്‍ തൂക്കിയിട്ടുവളര്‍ത്താറുമുണ്ട്.
നിലത്ത് പറ്റി ശാഖകളായി പടര്‍ന്ന് വളരുന്ന ചെടിയുടെ ഇലയുടെ മുകള്‍വശം പച്ച കലര്‍ന്ന ചാരനിറവും അടിവശം ചുവപ്പ് കലര്‍ന്ന വയലറ്റ് നിറമാണ്.
അലങ്കാരചെടിയായും വളര്‍ത്തുന്ന ഈ സസ്യത്തിന് ചില കാലങ്ങളില്‍ വെള്ള നിറമുള്ള കൊച്ചു പൂക്കള്‍ വിരിഞ്ഞു കാണാറുണ്ട്.
വീട്ടുപറമ്പില്‍ മുറികൂട്ടി ഉണ്ടെങ്കില്‍ മുറിവുകള്‍ ഉണ്ടായാല്‍ പെട്ടെന്ന് തന്നെ ഏതാനും ഇലകള്‍ പറിച്ച്, അവ പിഴിഞ്ഞെടുത്ത നീര് മുറിവില്‍ പുരട്ടാം.
ഈര്‍പ്പമുള്ള, ജൈവാംശമുള്ള മണ്ണില്‍ ശാഖകള്‍ മുറിച്ച് നട്ട് വളര്‍ത്താം; സൂര്യപ്രകാശം കുറച്ച്മാത്രം മതിയായതിനാല്‍ വൃക്ഷതണലിലും നന്നായി വളരും.
നിലത്ത് പടരുന്ന ഈ ചെടിയുടെ പര്‍വ്വസന്ധികളില്‍ നിന്ന് വേരുകള്‍ ഉണ്ടാവുന്നതിനാല്‍, വര്‍ഷങ്ങളോളം നശിക്കാതെ വളര്‍ന്നുകൊണ്ടേയിരിക്കും.
വലിയസംരക്ഷണമില്ലാതെ തന്നെ വളരുന്ന ചെടിയാണ് മുറികൂട്ടി.