അഴുക്കില്‍ നിന്ന് അഴകിലേക്ക്’: സി ഡബ്ല്യൂ ആര്‍ ഡി എം സംഘം അഞ്ചരക്കണ്ടി പുഴ സന്ദര്‍ശിച്ചു

കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ ‘അഴുക്കില്‍ നിന്ന് അഴകിലേക്ക്’ പദ്ധതിയുടെ ഭാഗമായി അഞ്ചരക്കണ്ടിപ്പുഴ സംരക്ഷണത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ വിശദമായ പദ്ധതിരേഖ (ഡി പി ആര്‍ ) തയ്യാറാക്കാന്‍ നടപടികള്‍ തുടങ്ങി.

ഡി പി ആര്‍ തയ്യാറാക്കാന്‍ ചുമതലയുള്ള സി ഡബ്ല്യു ആര്‍ ഡി എം ശാസ്ത്രജ്ഞരായ ഡോ.എം.തേന്‍മൊഴി, ബി.വിവേക് എന്നിവരാണ് പുഴ സന്ദര്‍ശിച്ചത്.

മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്‌കൂള്‍ പാര്‍ക്കിന്റെ ബോട്ട് ജെട്ടിയില്‍ നിന്ന് മമ്പറം പാലം വരെ സംഘം സഞ്ചരിച്ചു.

അഞ്ചരക്കണ്ടി പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിന്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും സഹായത്തോടെ ജില്ലാ പഞ്ചായത്ത് സമഗ്ര പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി രേഖ തയ്യാറാക്കുക. നാല് വര്‍ഷത്തെ സമഗ്രപഠനസര്‍വേകളുടെ അടിസ്ഥാനത്തിലാണ് പുഴ കടന്നു പോകുന്ന പ്രദേശങ്ങളുടെ മാപ്പ് ഉള്‍പ്പെടെ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

നഗര സഞ്ചയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.75 കോടി ചെലവഴിച്ചാണ് ആദ്യഘട്ട പ്രവര്‍ത്തനം നടത്തുക. പുഴ കടന്നു പോകുന്ന പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ പ്രതിനിധികളുടെ യോഗം വരും.

ദിവസങ്ങളില്‍ ചേര്‍ന്ന് പുഴ സംരക്ഷണം ചര്‍ച്ച ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യന്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലന്‍, സ്ഥിരം സമിതി അധ്യക്ഷരായ വി.കെ.സുരേഷ് ബാബു,

യു. പി.ശോഭ, അംഗങ്ങളായ കെ.വി.ബിജു, ചന്ദ്രന്‍ കല്ലാട്ട്, കോങ്കി രവീന്ദ്രന്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ അബ്ദുള്‍സമദ്, വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.