കൂശ്മാണ്ഡി ഹോമം തുടങ്ങി-ഏപ്രില്‍ രണ്ടിന് സമാപിക്കും.
Report-കരിമ്പം.കെ.പി.രാജീവന്‍
പരിയാരം: കൈതപ്രത്ത് നടക്കുന്ന സോമയാഗത്തിന്റെ യജമാനനാകാനുള്ള യോഗ്യത സമ്പാദിക്കാനായി യാഗത്തിന്റെ യജമാനന്‍ ഡോ. കൊമ്പങ്കുളം വിഷ്ണു നമ്പൂതിരിയും പത്‌നി
ഡോ.ഉഷ അന്തര്‍ജനവും അനുഷ്ഠിക്കുന്ന കൂശ്മാണ്ഡി വ്രതത്തിനും ഹോമച്ചടങ്ങുകള്‍ക്കും ഇന്ന് രാവിലെ കൈതപ്രം കൊമ്പങ്കുളം ഇല്ലത്ത് തുടക്കമായി.
വ്യക്തി ജീവിതത്തില്‍ അറിഞ്ഞോ അറിയാതേയോ ചെയ്തു പോയ തെറ്റുകള്‍ക്ക് പ്രായശ്ചിത്തമായും കര്‍മ്മശുദ്ധി കൈവരിക്കാനുമാണ് കൂശ്മാണ്ഡി വ്രതം അനുഷ്ഠിക്കുന്നത്.
ചെറുമുക്ക് വല്ലഭന്‍ അക്കിത്തിരിപ്പാടിന്റെ നേതൃത്വത്തിലാണ് രാവിലെ ആറ് മണി മുതല്‍ ചടങ്ങുകള്‍ ആരംഭിച്ചത്.
മൂന്ന് ദിവസമാണ് കൂശ്മാണ്ഡി വ്രതത്തിന്റെ ചടങ്ങുകള്‍ ഏപ്രില്‍ രണ്ടിനാണ് സമാപിക്കുക.
യാഗത്തിന്റെ മുന്നൊരുക്കത്തില്‍ ഏറ്റവും പ്രാധാനപ്പെട്ട അഗ്‌ന്യാധനത്തിന്റെ ചടങ്ങുകള്‍ മെയ് 2, 3 തീയതികളിലാണ് നടക്കുക.
അടുത്ത വര്‍ഷം നടക്കുന്ന സോമയാഗത്തില്‍ ഒരു ലക്ഷത്തിലേറെ ആളുകള്‍ പകെടുക്കുമെന്നാണ് കണക്കാക്കുന്നത്.
യാഗത്തിന്റെ പ്രാഥമിക ഘട്ടമാണ് കൂശ്മാണ്ഡി ഹോമം. സോമയാഗത്തിന് മുന്നോടിയായുള്ള അഗ്‌ന്യാധാനത്തിനായി സ്വയം ഒരുങ്ങുന്നതിന് യജമാനനേയും പത്‌നിയേയും കാമക്രോധങ്ങളെ ജയിക്കാനായി കരുത്ത് നല്‍കുന്ന ഹോമമാണ് കൂശ്മാണ്ഡ ഹോമം.
ഇന്ന് രാവിലെ ആറിന് ആരംഭിച്ച ഹോമം ഏപ്രില്‍ രണ്ട് വരെ തുടരും. യജമാനനും പത്‌നിക്കും അറിഞ്ഞോ അറിയാതെയോ വന്നുചേര്‍ന്ന തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്തമാണിത്.
അമ്മയുടെ ഗര്‍ഭത്തില്‍ കിടക്കുന്ന കാലം മുതല്‍ അച്ഛനമ്മമാര്‍ ചെയ്തുപോയ തെറ്റുകള്‍ക്ക് വരെ മാപ്പുപറഞ്ഞ് ക്ഷമയാചിക്കുന്നതിനുള്ള മന്ത്രങ്ങളാണ് യജുര്‍വേദം ആരണ്യകത്തില്‍ നിന്നും കൂശ്മാണ്ഡ ഹോമത്തിനായി ഉരുവിടുന്നത്.
അമ്മിഞ്ഞപ്പാല് ആസ്വദിച്ച് കൈകാലുകള്‍ കുടയുന്ന സന്ദര്‍ഭങ്ങളില്‍ മാതാപിതാക്കളെ ചവിട്ടിയതടക്കമുള്ള കുറ്റങ്ങള്‍ ഏറ്റുപറയുന്നതാണ് മന്ത്രങ്ങള്‍.
യജുര്‍വേദത്തിലെ കൂശ്മാണ്ഡമന്ത്രമെന്ന പേരിലുള്ള മന്ത്രവിധികളാണ് മൂന്ന് ദിവസത്തെ ചടങ്ങുകളില്‍ ചൊല്ലുന്നത്.
കൂശ്മാണ്ഡവ്രതം അനുഷ്ഠിക്കുന്ന 3 ദിവസങ്ങളിലും യജമാനനും പത്‌നിയും പരമാവധി മൗനവ്രതം അനുഷ്ഠിക്കും.
ഉറക്കം നിലത്തായിരിക്കും. ഭക്ഷണം പാലും പഴങ്ങളും മാത്രം. ഹോമാഗ്‌നിയില്‍ തിളപ്പിച്ചെടുത്ത പശുവിന്‍പാലായിരിക്കും കഴിക്കുക.
യാഗത്തിന് ഒരുങ്ങി അഗ്‌ന്യാധാനം ചെയ്യുന്ന വ്യക്തിയുടെ ചിത്തശുദ്ധി പൂര്‍ത്തീകരിക്കുകയാണ് ഹോമത്തിന്റെ ലക്ഷ്യം.