ആറുവരി പാതക്ക് വേണ്ടിയെന്ന പേരില്‍ ചപ്പാരപ്പടവിലെ കുന്നുകള്‍ തീരുന്നു—
തളിപ്പറമ്പ്: ആറുവരി ദേശീയപാതക്ക് വേണ്ടിയെന്ന പേരില്‍ ചപ്പാരപ്പടവ് പഞ്ചായത്തിലെ നിരവധി കുന്നുകള്‍ ഇടിച്ചു തീര്‍ക്കുന്നു.
കൂവേരി വില്ലേജിന്റെ നിരവധി ഭാഗങ്ങളിലാണ് ഇത്തരത്തില്‍ കുന്നുകള്‍ ഇല്ലാതാവുന്നത്.
പ്രദേശത്തിന്റെ ജീവനാഡികളായ ഈ കുന്നുകള്‍ ഇല്ലാതായതോടെ ഈ വരുന്ന മഴക്കാലത്ത് ഉണ്ടാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഭയാനകമായിരിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
ഇന്ന് രാവിലെ തളിപ്പറമ്പ് താലൂക്ക് വികസന യോഗത്തില്‍ ഈ വിഷയം അവതരിപ്പിച്ച പഞ്ചായത്ത് പ്രസിഡന്റ് സുനിജ
ബാലകൃഷ്ണന്‍ ആറുവരി പാതയുടെ പേരുപറഞ്ഞ് ഭൂമാഫിയയാണോ കുന്നിടിക്കുന്നതെന്ന് ആശങ്ക പ്രകടിപ്പിച്ചു.
ഇക്കാര്യത്തില്‍ റവന്യൂ വകുപ്പ് ആവശ്യമായ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കുന്നിടിക്കുന്നതിനെ ആരും എതിര്‍ക്കാതിരിക്കാന്‍ ആറുവരി പാതയുടെ പേര് പറയുകയാണോ എന്ന സംശയത്തിലാണ് നാട്ടുകാര്‍.
മണ്ണ് എങ്ങോട്ട് കൊണ്ടുപോകുന്നുവെന്ന് റവന്യൂ അധികൃതര്‍ അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
റോഡിന്റെ പേരില്‍ കുന്നിടിച്ച് നിരത്തി ഈ പ്രദേശം ഭൂമാഫിയ ഹൗസിങ്ങ് പ്ലോട്ടുകളാക്കി മാറ്റുകയാണോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.
അനിയന്ത്രിതമായി കുന്നിടിച്ച് നിരപ്പാക്കുന്നത് തടയണമെന്ന ആവശ്യവും ശക്തമാണ്.