പിണറായി വിജയന്‍ രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാണ്-പിണറായിയെ എതിര്‍ക്കാന്‍ സില്‍വര്‍ലൈനിലെ തടയരുത്-പ്രഫ.കെ.വി.തോമസ്-

കണ്ണൂര്‍: രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്നെങ്കില്‍ കേന്ദ്ര സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് സിപിഎം സംഘടിപ്പിച്ച

സെമിനാര്‍ പോലുള്ള പരിപാടികളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ്.

പരിപാടിയില്‍ രാഷ്ട്രീയം കാണുന്നില്ല. തന്റെ വരവ് കുമ്പളങ്ങിയിലെ കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നാണ്.

സിപിഎം സെമിനാറില്‍ പങ്കെടുക്കുന്നത് അഭിമാനവും സന്തോഷത്തോടെയുമാണെന്ന് തോമസ് പറഞ്ഞു.

എകെജിയുടെ പ്രസംഗം കേള്‍ക്കാനായി നെഹ്‌റു പാര്‍ലമെന്റിലേക്കു ഓടിയെത്തുമായിരുന്നെന്നു രാഷ്ട്രീയ നേതാക്കളുടെ പരസ്പര സൗഹൃദം ഓര്‍മിപ്പിച്ചു കൊണ്ട് തോമസ് പറഞ്ഞു.

എകെജിയുടെ പാര്‍ലമെന്റിലെ ഭാഷ സാധാരണക്കാരുടെ ഭാഷയായാണ് നെഹ്‌റു കണ്ടിരുന്നത്.

നെടുമ്പാശേരി വിമാനത്താവളം തുടങ്ങുമ്പോള്‍ എതിര്‍പ്പുണ്ടായിരുന്നു.

കെ.കരുണാകരനാണ് പദ്ധതി പകുതിയിലധികം പൂര്‍ത്തിയാക്കിയത്. പൂര്‍ണമായത് നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ്.

അദ്ദേഹം കരുണാകരനെ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിനു വിളിച്ചു. അതുപോലെ ഒരുമിച്ചു ചേര്‍ന്നാണ് വികസനം നടപ്പിലാക്കേണ്ടത്.

സില്‍വര്‍ലൈനില്‍ പ്രശ്‌നം ഉണ്ടെങ്കില്‍ പരിഹരിക്കണം. അല്ലാതെ പിണറായി വിജയന്‍ പദ്ധതി കൊണ്ടുവരുന്നതിനാല്‍ മാത്രം എതിര്‍ക്കുന്നതിനെ അംഗീകരിക്കാനാകില്ല.

വികസന കാര്യങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒന്നിച്ചു പോകാന്‍ കഴിയണം. ഒന്നിച്ചു നില്‍ക്കാതെ കേന്ദ്രത്തില്‍നിന്ന് ഒന്നും ലഭിക്കില്ല.

അപകടകരമായ കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കോണ്‍ഗ്രസും മറ്റു പ്രസ്ഥാനങ്ങളും കെകോര്‍ത്തില്ലെങ്കില്‍ രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവം നഷ്ടമാകും.

ഏഴു പ്രാവശ്യം രാജ്യത്തു നോട്ട് റദ്ദാക്കിയിട്ടുണ്ടെങ്കിലും അര്‍ധരാത്രിയില്‍ നരേന്ദ്ര മോദിയെപ്പോലെ ആരും റദ്ദാക്കിയിട്ടില്ല.

സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഈ വിഷയം കേന്ദ്രം സംസാരിച്ചില്ല. നോട്ട് നിരോധനം കൊണ്ട് ഒരു ഗുണവും ലഭിച്ചില്ലെന്നും തോമസ് പറഞ്ഞു.

പിണറായി വിജയന്‍ ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാണ് ഗെയില്‍ പൈപ്പ് ലൈന്‍ യാഥാര്‍ഥ്യമായത് പിണറായിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടുമാത്രമാണ്.

പിണറായിയെ എതിര്‍ക്കാന്‍ വേണ്ടി സില്‍വര്‍ലൈനിനെ തടയരുത്. ഗുണപരമായ പദ്ധതിക്കായി ഒറ്റക്കെട്ടായി നിലകൊള്ളണം.

നാടിന്റെ വികസനത്തെ എതിര്‍ക്കുന്നവര്‍ ഒറ്റപ്പെടും. ഇത്തരക്കാരെ ജനങ്ങള്‍ തള്ളിക്കളയും.

വികസനത്തിനായി ഒറ്റക്കെട്ടായി നില്‍ക്കുന്നതിന് എന്താണ് തെറ്റ്? കോവിഡിനെ മാതൃകാപരമായി കേരളം നേരിട്ടു.

ഈ സര്‍ക്കാര്‍ കേരളത്തെ നിക്ഷേപ സൗഹൃദമാക്കി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനാണ് ബിജെപി ശ്രമിക്കുന്നത്.

ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കെ.വി.തോമസ് പറഞ്ഞു.