ഗ്രാമപുണ്യമായി അഗ്‌ന്യാധാനച്ചടങ്ങ്-കൈതപ്രത്ത് സോമയാഗം അടുത്ത വര്‍ഷം ഏപ്രിലില്‍
കൈതപ്രം: നൂറ്റാണ്ടുകള്‍ക്ക് ശേഷം മലബാറില്‍ ആദ്യമായി നടക്കുന്ന അഗ്‌ന്യാധാന ചടങ്ങുകള്‍ക്ക് മംഗള പരിസമാപ്തി.
ദേവഭൂമിയായ കൈതപ്രം ഗ്രാമത്തിലെ കൊമ്പംങ്കുളം ഇല്ലത്താണ് അഗ്‌ന്യാധാന ക്രിയകള്‍ നടന്നത്.
രണ്ട് ദിവസമായി നടന്ന അഗ്‌ന്യാധാനത്തിലൂടെ ഉണ്ടാക്കിയ ത്രേതാഗ്‌നിയിലാണ് അടുത്ത വര്‍ഷം സോമയാഗം ചെയ്യുക.
ഇന്നു മുതല്‍ ദിവസവും രാവിലെയും വൈകുന്നേരവും അഗ്‌നിഹോത്ര ഹോമം ചെയ്ത് യജമാനനും പത്‌നിയും അടുത്ത വസന്ത ഋതുവിലെ വെളുത്ത പക്ഷത്തിലെ ദേവനക്ഷത്രത്തില്‍ സോമയാഗം നടത്തും.
സാമവേദമന്ത്ര മുഖരിതമായ യാഗശാലയില്‍ അരണി കടഞ്ഞ് അഗ്‌നിയുണ്ടാക്കി, ഋത്വിക്കുകള്‍ ഇടതടവില്ലാതെ യജുര്‍വേദ-ഋഗ്വേദ മന്ത്രങ്ങള്‍ ഉരുവിട്ടു.
വേദ ശ്രൗത പണ്ഡിതന്മാരായ ബ്രഹ്മശ്രീ ചെറുമുക്ക് വല്ലഭന്‍ അക്കിത്തിരിപ്പാട്, പന്തല്‍ വൈദികന്‍ ബ്രഹ്മശ്രീ ദാമോദരന്‍ നമ്പൂതിരി, തൈക്കാട് വൈദികന്‍ ശങ്കരനാരായണന്‍ നമ്പൂതിരി,
നാറാസ് മന ഇട്ടിരവി നമ്പൂതിരി, സാമവേദ പണ്ഡിതനായ തോട്ടം കൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇരുപതോളം ആചാര്യന്മാരാണ് കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
രാവിലെ സൂര്യോദയത്തിന് മുമ്പ് അഞ്ചരയോടെ ഹോമത്തിന് വേണ്ടിയുള്ള ആഹവനീയകുണ്ഡത്തിന് കുതിര സ്ഥാനം നിര്‍ണയിച്ചു.
അവിടെയാണ് അഗ്ന്യാധ്യായത്തിനുള്ള ഹോമകുണ്ഡം ഒരുക്കിയത്. ആധാനത്തിന്റെ യജമാനനും പത്‌നിയുമായ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയ്യന്നൂര്‍ പ്രാദേശിക കേന്ദ്രം ഡയരക്ടര്‍
ഡോ. കൊമ്പങ്കുളം വിഷ്ണുനമ്പൂതിരിയെയും ഡോ. ഉഷ അന്തര്‍ജനത്തെയും ആധാനക്രിയകള്‍ക്ക് ശേഷം അടിതിരിയും പത്തനാടിയും ആയി ഋത്വിക്കുകള്‍ ആചാരപൂര്‍വം വിളിച്ചു.
ഇനി ജീവിതാവസാനം വരെ നിത്യാഗ്‌നിഹോത്രം ചെയ്ത് വ്രതശുദ്ധിയോടെയുള്ള ജീവിതമായിരിക്കും ഇരുവരും നയിക്കുക.
