ആഗസ്ത്-21 ന് ഡോക്ടര്‍മാര്‍ 2 മണിക്കൂര്‍ ഒ.പി.ബഹിഷ്‌ക്കരിക്കും,. ഓണനാളില്‍ പട്ടിണിസമരം.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ആഗസ്ത് 21 ന് തിങ്കളാഴ്ച്ച ഡോക്ടര്‍മാര്‍ 2 മണിക്കൂര്‍ നേരം ഒ.പി ബഹിഷ്‌ക്കരണസമരം നടത്തും.

ആഗസ്ത് 16 മുതല്‍ രോഗിപരിചരണവും അക്കാദമിക പ്രവര്‍ത്തനങ്ങളുമൊഴികെയുള്ള എല്ലാ സേവനങ്ങളും ബഹിഷ്‌കരിക്കാനും തീരുമാനിച്ചിരിക്കുകയാണെന്ന് മെഡിക്കല്‍ കോളേജ് അധ്യാപകരുടെ  സംഘടനയായ ആംസ്റ്റ പ്രസിഡന്റ് ഡോ.കെ.രമേശന്‍ അറിയിച്ചു.

ഓണത്തിന് ശമ്പളം കിട്ടിയില്ലെങ്കില്‍ ഓണനാളില്‍ പട്ടിണിസമരം നടത്താനും ആംസ്റ്റ തീരുമാനിച്ചിരിക്കയാണ്.

ഡോക്ടര്‍മാര്‍ക്ക് ശമ്പളവിതരണം മുടങ്ങിയിട്ട് അഞ്ചുമാസം പിന്നിട്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രശ്‌നം പരിഹാരമില്ലാതെ അനന്തമായി നീങ്ങുന്ന സാഹചര്യത്തില്‍ വേറെ മാര്‍ഗങ്ങളില്ലാത്തതിനാലാണ് ഇത്തരത്തില്‍ പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെ കാമ്പസില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധപ്രകടനവും ഓഫീസിനുമുമ്പില്‍ പ്രതിഷേധയോഗവും നടത്തി.

പലതവണ ആരോഗ്യമന്ത്രിക്കും മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ക്കും നിവേദനങ്ങള്‍ നല്‍കിയിട്ടും കുത്തിയിരിപ്പു സമരംപോലുള്ള ആരേയും ബുദ്ധിമുട്ടിക്കാതുള്ള സമരങ്ങള്‍ സംഘടിപ്പിച്ചിട്ടും ശമ്പളം ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ആംസ്റ്റ പ്രസിഡന്റ് ഡോ.കെ.രമേശന്‍ പറഞ്ഞു.

അധ്യാപകരുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വിദ്യാര്‍ത്ഥികളും പ്രകടനത്തില്‍ അണിചേര്‍ന്നു.

ഡോ പ്രെറ്റി മാത്യു, ഡോ.മുഹമ്മദ് ഷെഫീഖ്, ആംസ്റ്റ സെക്രട്ടറി ഡോ അനൂപ് ജെ മറ്റം, കോളേജ് യൂണിയന്‍ ജന.സെക്രട്ടറി ഷഹാസ് എന്നിവര്‍ സംസാരിച്ചു.