ആരതി-വ്യത്യസ്തമായ പ്രേതകഥ-കൗമാരസ്വപ്‌നങ്ങള്‍ പീലിവിടര്‍ത്തിയ 42 വര്‍ഷങ്ങള്‍.
സ്ഥിരം പ്രേതസിനിമകളുടെ ചട്ടക്കൂടുകളില്‍ നിന്ന് മാറി മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ട ഒരു വ്യത്യസ്ത പ്രേതാനുഭവമാണ് ആരതി.

ഹൊറര്‍ സിനിമകളൊരുക്കാന്‍ പി.ചന്ദ്രകുമാറിന് ഒരു പ്രത്യേക വൈഭവമുണ്ട്.
1980 ലെ അഗ്നിവ്യൂഹം എന്ന സിനിമയിലൂടെ അദ്ദേഹം അത് തെളിയിച്ചിട്ടുണ്ട്.
ചന്ദ്രകുമാറിന്റെ രണ്ടാമത്തെ ഹൊറര്‍ സിനിമയാണ് 1981 നവംബര്‍ 12 ന് റിലീസ് ചെയ്ത ആരതി.
മലയാളത്തില്‍ റിലീസ് ചെയ്ത ഹൊറര്‍ സിനിമകളില്‍ മനോഹരമായി ചിത്രീകരിച്ച ഒന്നാണ് ആരതി.
വലിയ ഒച്ചപ്പാടും ബഹളങ്ങളും ഒന്നുമില്ലാത്ത, എന്നാല്‍ ചിത്രത്തിലുടനീളം ഭയം പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കാന്‍ സംവിധായകന് സാധിക്കുന്നുണ്ട്.
നാഗര്‍കോവില്‍ സൂര്യനാരായണന്‍ പോറ്റിയാണ് സൂരി സിനി ക്രിയേഷന്‍സിന്റെ ബാനറില്‍ സിനിമ നിര്‍മ്മിച്ചത്.
ശശിമേനോന്റെ കഥക്ക് തിരക്കഥയും സംഭാഷണവും എഴുതിയത് ജോണ്‍പോള്‍.
ക്യാമറ ആനന്ദക്കുട്ടന്‍, എഡിറ്റര്‍ ജി.വെങ്കിട്ടരാമന്‍, കലാസംവിധാനം-പരസ്യം അമ്പിളി. വിതരണം ഡിന്നി ഫിലിംസ്.
ആരതിയുടെ കഥ-
സുകുമാരന്‍, വിന്‍സെന്റ്, ജോസ്പ്രകാശ്, സീമ, മാള അരവിന്ദന്‍, ശങ്കരാടി, രവിമേനോന്‍, കൊച്ചിന്‍ഹനീഫ, ശാന്തകുമാരി, നന്ദകുമാര്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍.
1979 ലെ അഗ്നിവ്യൂഹം വലിയ സാമ്പത്തിക വിജയം നേടിയതോടെയാണ് കുറഞ്ഞ ബജറ്റില്‍ ഒരു ഹൊറര്‍ മൂവി നിര്‍മ്മിക്കാന്‍ സൂരി നാഗര്‍കോവില്‍ ചന്ദ്രകുമാറിനെ സമീപിച്ചത്.
സിനിമ പൂര്‍ണമായും ചിത്രീകരിച്ചത് കുട്ടിക്കാനത്തെ അമ്മച്ചിക്കൊട്ടാരം എന്ന ബംഗ്ലാവിലാണ്.
പതിവുപോലെ ആള്‍ത്താമസമില്ലാത്ത വീട് തന്നെയാണ് ഇവിടെയും കഥ നടക്കുന്ന സ്ഥലം.
പാഴടഞ്ഞ ബംഗ്ലാവില്‍ താമസിച്ച് ചിത്രം വരക്കാനെത്തുന്ന ദേവന്‍ എന്ന ചിത്രകാരനും സഹായി ദാമുവും (സുകുമാരനും മാള അരവിന്ദനും).
ബംഗ്ലാവിന്റെ സൂക്ഷിപ്പുകാരന്‍ ഗംഗന്‍ എന്ന കൊച്ചിന്‍ഹനീഫ. കാട്ടിനകത്തെ ബംഗ്ലാവിനും പരിസരത്തും ആള്‍ത്താമസമില്ല.
ബംഗ്ലാവിലെ ആദ്യ രാത്രില്‍ തന്നെ യാത്രക്കിടയില്‍ കാര്‍ കേടായി സഹായിക്കണം എന്ന് അഭ്യര്‍ത്ഥിച്ച് എത്തുന്ന ആരതി എന്ന സുന്ദരിയായി സീമ.
കാര്‍ ബംഗ്ലാവിലെ വാഹന ഷെഡില്‍ സൂക്ഷിച്ച ശേഷം കുറേസമയം ചിത്രകാരനുമായി സംസാരിച്ച് രാവിലെ മില്‍ക്ക്‌വാനില്‍ വീട്ടിലേക്ക് പോവുകയും ഡ്രൈവറെ അയച്ച് വാഹനം എടുത്തോളാമെന്ന് പറയുകയും ചെയ്യുന്നു.
പക്ഷെ, ആരും വരാത്തതിനെ തുടര്‍ന്ന് വാഹന ഷെഡ് തുറന്നുനോക്കിയപ്പോള്‍ കാര്‍ അപ്രത്യക്ഷമായിരിക്കുന്നു.
വിവരം പോലീസിലറിയിക്കാന്‍ പോയപ്പോള്‍ കഴിഞ്ഞ രാത്രിയില്‍ നടന്ന കാര്യങ്ങള്‍ എസ്.ഐ ദേവനോട് അങ്ങോട്ട് പറയുന്നു.
അവിടെ താമസിക്കാനെത്തുന്നവര്‍ക്ക് ഇത് സ്ഥിരം അനുഭവമാണെന്നും എസ്.ഐ പറയുന്നു.
മരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ ആരതിയുടെ കഥ അന്വേഷിക്കുന്ന ദേവന് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് സിനിമ.
ചിത്രത്തിന്റെ സഹസംവിധായകന്‍ കൂടിയായ സത്യന്‍ അന്തിക്കാട് എഴുതിയ വരികള്‍ ചിട്ടപ്പെടുത്തിയത് എം.ബി.ശ്രീനിവാസന്‍.
ഐരാവതി രാഗത്തില്‍ ചിട്ടപ്പെടുത്തിയ കൗമാരസ്വപ്‌നങ്ങല്‍ എന്ന എസ്.ജാനകി പാടിയ പാട്ട് ഇന്നും ഹിറ്റ് ചാര്‍ട്ടിലാണ്.
ഗാനങ്ങള്‍-
കൗമാരസ്വപ്‌നങ്ങള്‍-എസ്.ജാനകി.
ഹൃദയവാതായനങ്ങള്‍ തുറന്നു-യേശുദാസ്.
