സഹോദരന്‍ ബിഷപ്പായി ചുമതലയേറ്റ് 24 മണിക്കൂറിനുള്ളില്‍ ദുരന്തം-മലയോരമേഖലയെ ഞെട്ടിച്ചു.

(ആലക്കോട് ബ്യൂറോ)

ആലക്കോട്: സഹോദരന്‍ ബിഷപ്പായി ചുമതലയേറ്റ് 24 മണിക്കൂര്‍ തികയുന്നതിന് മുമ്പായി സഹോദരന്‍ കാറപകടത്തില്‍ മരണപ്പെട്ട വാര്‍ത്ത മലയോരത്തെ ഞെട്ടിച്ചു.

ഇന്ന് രാവിലെ പത്തരയോടെയാണ് കാര്‍ വീട്ടുമുറ്റത്തെ കിണറില്‍ വീണ് പാത്തന്‍പാറ നെല്ലിക്കുന്നിലെ മാത്തുക്കുട്ടി താരാമംഗലം(58) മരണപ്പെട്ടത്.

ഇളയമകന്‍ വിന്‍സിനെ(18) അതീവ ഗുരുതരാവസ്ഥയില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

വിന്‍സിന്റെ നില ആശങ്കാജനകമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

മാത്തുക്കുട്ടിയുടെ സഹോദരന്‍ അലകസ് താരാമംഗലം ഇന്നലെയാണ് മാനന്തവാടി രൂപതാ സഹായമെത്രാനായി ചുമതലയേറ്റത്.

ഈ ചടങ്ങിന് നാട്ടുകാരും ബന്ധുക്കളുമായി നിരവധി പേര്‍ മാനന്തവാടിയിലേക്ക് പോയിരുന്നു.

ബിഷപ്പ് ഉപയോഗിച്ചിരുന്ന കാറാണ് അദ്ദേഹം സഹോദരന് നല്‍കിയത്.

കാറില്‍ ഡ്രൈവിംഗ് പരിശീലനം നടത്തവെയാണ് നിയന്ത്രണം വിട്ട് കാര്‍ വീട്ടുമുറ്റത്തെ കിണറിന്റെ ആള്‍മറ തകര്‍ത്ത് കിണറിലേക്ക് വീണത്.

തളിപ്പറമ്പില്‍ നിന്ന് അഗ്നിശമനസേന അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്റെ നേതൃത്വത്തില്‍ എത്തുമ്പോഴേക്കും നാട്ടുകാര്‍ മൃതദേഹം പുറത്തെടുത്തിരുന്നു.

അടുത്ത ദിവസം ബിഷപ്പിന് ജന്‍മനാട്ടില്‍ സ്വീകരണമൊരുക്കാന്‍ തീരുമാനിച്ചിരിക്കെയാണ് ദുരന്തം.

ഷൈജയാണ് മാത്തുക്കുട്ടിയുടെ ഭാര്യ. ആന്‍സ്, ലിസ്, ജിസ് എന്നിവരാണ് മറ്റ് മക്കള്‍.

മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ്.

സംസ്‌ക്കാരം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നടക്കും.

പരിക്കേറ്റ വിന്‍സിന് നേഴ്‌സിങ്ങിന് അഡ്മിഷന്‍ കിട്ടി അടുത്തദിവസം പഠനത്തിനായി പോകാനിരിക്കെയായിരുന്നു ദുരന്തം.

ജോയിയാണ് മരിച്ച മാത്തുക്കുട്ടിയുടെ മറ്റൊരു സഹോദരന്‍.