റിപ്പറിനെ തെളിവെടുപ്പിനെത്തിച്ചു, ശാപവാക്കുകളോടെ കലിതുള്ളി നാട്ടുകാര്‍-ചുറ്റിക കണ്ടെടുത്തു-
തളിപ്പറമ്പ്: കാര്‍ത്യായനിയെ അടിച്ചുവീഴ്ത്താന്‍ ഉപയോഗിച്ച ചുറ്റിക സംഭവം നടന്ന വീടിന്റെ മുന്നിലെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തി.

പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പ്രദേശത്തെ നൂറുകണക്കിനാളുകളാണ് കീരിയാട്ടെ വീട്ടിന് മുന്നില്‍ പ്രതിയെ കാണാനായി തടിച്ചുകൂടിയത്.
പ്രതിയെ നാട്ടുകാര്‍ അക്രമിച്ചേക്കുമെന്ന സംശയത്താല്‍ കനത്ത പോലീസ് ബന്തവസ് ഏര്‍പ്പെടുത്തിയിരുന്നു.
ഡി.വൈ.എസ്.പി.എം.പി.വിനോദ്, ഐ.പി എ.വി.ദിനേശന്, എസ്.ഐ പി.സി.സഞ്ജയ്കുമാര്‍, പ്രൊബേഷനറിഎസ്.ഐ ലിജിമോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പിനായി പ്രതിയെ സ്ഥലത്തെത്തിച്ചത്.
ഇന്നലെ വൈകുന്നേരം തന്നെ പ്രദേശത്തെ എഴുപതോളം പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു.
ഒരു സ്ത്രീയില്‍ നിന്നും മരുന്ന് വില്‍പ്പനക്ക് കഴിഞ്ഞ ദിവസം വളക്കൈക്കാരനെന്ന് പരിചയപ്പെടുത്തി ഒരാള്‍ വന്നിരുന്നുവെന്ന് വിവരം ലഭിച്ചിരുന്നു.
ഇതോടൊപ്പം തളിപ്പറമ്പ് നഗരത്തിലെ എല്ലാ ജ്വല്ലറികളിലും സ്വര്‍ണമാല വില്ക്കാനെത്തുന്നവരെപ്പറ്റി വിവരം നല്കാന് പോലീസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സ്വര്‍ണം വിറ്റ കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഇന്നലെ രാത്രി തന്നെ നിരീക്ഷണത്തില്‍ വെച്ചിരുന്ന പ്രതിയെ പുലര്‍ച്ചയോടെയാണ് വീട്ടില്‍ വെച്ച് പിടികൂടിയത്.
തളിപ്പറമ്പിലെ ജ്വല്ലറിയില്‍ 83,000 രൂപക്ക് വിറ്റ ആഭരണവും പോലീസ് കണ്ടെടുത്തു.
പ്രവാസിയായിരുന്ന പ്രതി നാട്ടിലെത്തിയ ശേഷം ആയുര്‍വേദ മരുന്നുകള്‍ വില്‍പ്പന നടത്തിവരികയായിരുന്നു.
വീട്ടില്‍ ആരുമില്ലെന്ന് കണ്ടതോടെ പെട്ടെന്ന് ആക്രമം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
വീടിന്റെ സമീപത്തുള്ള പൂട്ടിയിട്ട കടയുടെ ഉമ്മറത്തുനിന്നാണ് പ്രതി അടിക്കാനുപയോഗിച്ച ചുറ്റിക എടുത്തത്.
കഴിഞ്ഞ കുറച്ചുദിവസമായി ഈ ഭാഗത്ത് മരുന്നുവില്പ്പനക്കെത്തിയ പ്രതി ഈ വീട്ടില്‍ കാര്‍ത്യായനി മാത്രമേ ഉള്ളൂവെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു വെള്ളത്തിന് ആവശ്യപ്പെട്ടത്.
(തെളിവെടുപ്പിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് യുട്യൂബ് ചാനലില്‍ കാണാം)
