ആ ചിത്രശലഭം പറന്നിട്ട് ഇന്നേക്ക് 23 വര്‍ഷം.
ഹസീന ഫിലിംസ് എന്ന നിര്‍മ്മാണ-വിതരണ കമ്പനിയുടെ ഉടമസ്ഥനും സംവിധായകനുമാണ് പി.ബാല്‍ത്തസാര്‍.
1968 ല്‍ മുട്ടത്തുവര്‍ക്കിയുടെ പ്രശസ്ത നോവല്‍ വെളുത്ത കത്രീന നിര്‍മ്മിച്ചുകൊണ്ടായിരുന്നു തുടക്കം. ശശികുമാറാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.
1970 ലാണ് ബാല്‍ത്തസാര്‍ സംവിധായകനായത്. ആ ചിത്രശലഭം പറന്നോട്ടെ എന്ന സിനിമയുടെ എന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് കെ.ശിവദാസനാണ്.
ടി.എന്‍.കൃഷ്ണന്‍കുട്ടിനായര്‍ ക്യാമറയും എന്‍.പി.സുരേഷും ടി.ആര്‍.ശ്രീനിവാസലുവും ചേര്‍ന്ന് എഡിറ്റിംഗും നിര്‍വ്വഹിച്ചു.
ആര്‍.ബി.എസ്.മണിയാണ് കലാസംവിധായകന്‍. എസ്.എ.നായര്‍ പരസ്യം.
1988 ല്‍ ബാല്‍ത്തസാര്‍ വീണ്ടും ഹേമന്തരാത്രി എന്ന സിനിമ സംവിധാനം ചെയ്തു.
പ്രേംനസീര്‍, അടൂര്‍ഭാസി, ഷീല, കെ.വി.ശാന്തി, ബഹദൂര്‍, ശങ്കരാടി, ഉഷാനന്ദിനി, കവിയൂര്‍പൊന്നമ്മ, ശ്രീലത, ടി.പി.രാധാമണി, കോട്ടയം ശാന്ത, നെല്ലിക്കോട് ഭാസ്‌ക്കരന്‍, ടി.ആര്‍.ഓമന, ഖദീജ, മാസ്റ്റര്‍ ജിക്കു എന്നിവരാണ് മുഖ്യവേഷത്തില്‍.
വയലാറിന്റെ വരികള്‍ക്ക് സംഗീതംപകര്‍ന്നത് ദേവരാജന്‍.
കഥാസംഗ്രഹം
ഇരുപത്തിരണ്ടാമത്തെ മനസ്സില്‍ ഗൗരിയമ്മയുടെ ഭര്‍ത്താവു മരിച്ചു. യൗവനം നശിച്ചിരുന്നില്ലെങ്കിലും സന്താനങ്ങളുടെ ഭാവിയെക്കരുതി വീണ്ടും ഒരു വിവാഹം കഴിക്കുവാന്‍ അവര്‍ തയ്യാറായില്ല. മക്കളായിരുന്നു ഗൗരിയമ്മയുടെ എല്ലാം. മകള്‍ പൊന്നമ്മയെ പഠിപ്പിച്ചു ഉദ്യോഗസ്ഥയാക്കി സാമാന്യം ഭേദപ്പെട്ട ഒരു കുടുംബത്തില്‍ വിവാഹം കഴിപ്പിച്ചയച്ചു. മകന്‍ ചന്ദ്രന് ഒരു വലിയ കമ്പനിയില്‍ മാനേജരായി ജോലിയും ലഭിച്ചു. ചന്ദ്രന്‍ തന്റെ സഹപ്രവര്‍ത്തകയായ ഇന്ദിര എന്ന പെണ്‍കുട്ടിയുമായി പ്രേമത്തിലായി. അവളെ വിവാഹം കഴിക്കുവാന്‍ തീരുമാനിച്ചു.എന്നാല്‍ ചന്ദ്രന് വേണ്ടി മറ്റൊരു പെണ്ണിനെ കണ്ടു വെച്ചിരുന്ന ഗൗരിയമ്മക്ക് ഈ ബന്ധം ഇഷ്ടപ്പെട്ടില്ല. എങ്കിലും ഒടുവില്‍ മകന്റെ ഹിതത്തിനു വഴങ്ങി ആ വിവാഹം നടത്തി. ആഹ്ലാദഭരിതങ്ങളായിരുന്നു ചന്ദ്രന്റെയും ഇന്ദിരയുടെയും മധുവിധു ദിനങ്ങള്‍.മകനും മരുമകളും മുറിക്കകത്ത് കലിച്ചു ചിരിച്ചുല്ലസിക്കുമ്പോള്‍ തനിക്കു നഷ്ടപ്പെട്ട ദാമ്പത്യസുഖത്തെ ഓര്‍മിക്കുന്ന ഗൗരിയമ്മ പുതിയ ഒരു സ്ത്രീ ആയി മാറി.അവരുടെ ഉള്ളിലെ വികാരത്തള്ളല്‍ ഒരുതരം പ്രതികാരരൂപത്തിലാണ് പുറത്തു വന്നത്.മകനെയും മരുമകളെയും ആ സ്ത്രീ ഒരുപോലെ വെറുത്തു.സാധാരണ അമ്മായിയമ്മമാര്‍ മരുമകളോടു കാട്ടുന്ന ക്രൂരതയേക്കാള്‍ കഠിനമായിരുന്നു ഇന്ദിരയോടുള്ള ഗൗരിയമ്മയുടെ പെരുമാറ്റം.അവള്‍ ചിരിക്കുന്നതു കണ്ടാല്‍ അവര്‍ക്കു കലിയിളകും.ഇന്ദിരയെ അവര്‍ ആക്ഷേപിച്ചു.വേദനിപ്പിച്ചു, കരയിച്ചു, പട്ടിണിക്കിട്ടു. അവള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞിട്ടും മകളോടൊത്തു വീടു മാറിത്താമസിച്ചു. സ്വന്തം മകള്‍ അവരെ കൈവിട്ടപ്പോള്‍ ഹൃദയം തകര്‍ന്ന ആ വീട്ടമ്മ തന്റെ ജീവിതം അവസാനിപ്പിക്കുവാന്‍ തന്നെ തീരുമാനിച്ചു പുറപ്പെട്ടു. പ്രസവവേദനയനുഭവിക്കുന്ന സ്വന്തം ഭാര്യയെ ശുശ്രൂഷിക്കാനാവാതെ പെറ്റമ്മയെ രക്ഷിക്കുവാന്‍ പുറപ്പെട്ട ചന്ദ്രന് ഗുരുതരമായ ഒരപകടം സംഭവിച്ച് അയാള്‍ ആശുപത്രിയിലായി. അമ്മയുടെ മനസ്സലിഞ്ഞു.ചന്ദ്രന്റെ ഓമനക്കുഞ്ഞിന്റെ കരച്ചില്‍ അവരുടെ ഹൃദയത്തില്‍ പരിവര്‍ത്തനം സൃഷ്ടിച്ചു.ഗൗരിയമ്മക്ക് മാനസാന്തരമുണ്ടായി.കഴിഞ്ഞതെല്ലാം പൊറുത്തും മറന്നും ആ കുടുംബാംഗങ്ങള്‍ സ്‌നേഹത്തോടെ ജീവിതം തുടരാന്‍ തീരുമാനിക്കുന്നിടത്ത് ചിത്രം അവസാനിക്കുന്നു.
ഗാനങ്ങള്‍-
1-കണ്ണനെന്റെ കളിത്തോഴന്‍-മാധുരി.
2-കരയാതെ മുത്തേ-പി.സുശീല.
3-കവിതയോ നിന്റെ കണ്ണില്‍-പി.ബി.ശ്രീനിവാസ്, ശിവദാസ്.
4-കുറുക്കന്‍ രാജാവായി-മാധുരി.
5-പ്രകൃതീ, യുവതീ രൂപവതി.-യേശുദാസ്.