റോഡ് നവീകരണത്തിനായി നാട്ടുകാരുടെ പ്രതിഷേധമതില്‍-മൂസാന്‍കുട്ടി തേര്‍ളായി ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ്: റോഡ് പണിയിലെ അപാകത പരിഹരിക്കണമെന്ന ആവശ്യവുമായി ജനങ്ങള്‍ റോഡിലിറങ്ങി പ്രതിഷേധ മതില്‍ തീര്‍ത്തു.
വളക്കൈ-കൊയ്യം-വേളം റോഡ് നവീകരിക്കുന്ന പ്രവൃത്തിക്ക് സര്‍ക്കാര്‍ പതിനൊന്ന് കോടി രൂപ അനുവദിച്ചത് പ്രകാരം നിര്‍മ്മാണ പ്രവര്‍ത്തി നടന്നു വരികയാണ്.
ഈ റോഡില്‍ മഴക്കാലത്ത് വെള്ളം കെട്ടി നില്‍ക്കുന്ന ചോലക്കുണ്ടം ഭാഗത്ത് ഡ്രൈനേജ് നിര്‍മ്മിക്കാതെയും റോഡ് ഉയര്‍ത്താതെയും പ്രവൃത്തി നടത്തിയതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ ജനകീയ മതില്‍ തീര്‍ത്ത് പ്രതിഷേധത്തിനിറങ്ങിയത്.
ജനകീയ മതിലില്‍ പ്രതിഷേധത്തില്‍ നറുക്കണക്കിന് നാട്ടുകാര്‍ പങ്കെടുത്തു.
കഴിഞ്ഞാഴ്ച്ച ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ റോഡ് കമ്മിറ്റി വളക്കെ മദ്രസയില്‍ വെച്ച് ചേര്‍ന്നിരുന്നു.
ഈ യോഗത്തില്‍ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡന്റ് വി.പി.മോഹനന്‍ പുതുതായി ആര്‍ ഇ എസ്റ്റിമേറ്റാക്കി അനുമതിക്ക് പൊതുമരാമത്ത് വകുപ്പിലേക്ക് അയച്ചിട്ടുണ്ടെന്നും അതു വരുന്ന മുറക്ക് ആദ്യം ചോലക്കുണ്ടത്ത് ഡ്രൈനേജ് പണിയാന്‍ വേണ്ട നടപടി സ്വീകരിക്കാമെന്ന് വ്യക്തമാക്കിയിരുന്നു.
പ്രതിഷേധ സമരം വാര്‍ഡ് മെമ്പര്‍ മൂസാന്‍ കുട്ടി തേര്‍ളായി ഉദ്ഘാടനം ചെയ്തു. കെ.കെ മൊയ്തു അദ്ധ്യക്ഷത വഹിച്ചു.
നാസര്‍ വളക്കൈ,എന്‍.പി.സലാം, ഹാമിദ് മാസ്റ്റര്‍, ഷാജി, കെ.ടി.നൗഫല്‍, ബഷീര്‍ ചോലക്കുണ്ടം എന്നിവര്‍ പ്രസംഗിച്ചു.
ബോട്ടപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയാണ് പ്രതിഷേധ പരിപാടി ആരംഭിച്ചത്..
