കാര്‍ഷിക വായ്പ പുതുക്കാന്‍ കഴുത്തറപ്പന്‍ ഫീസ് വാങ്ങിയതിനെതിരെ താലൂക്ക് വികസനസമിതിക്ക് പരാതി.

തളിപ്പറമ്പ്: കാര്‍ഷിക വായ്പ പുതുക്കി അനുവദിക്കാന്‍ ബേങ്ക് 22,000 രൂപ പ്രോസസിംഗ് ഫീസ് വാങ്ങിയ സംഭവം തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗത്തില്‍ ചൂടേറിയ ചര്‍ച്ചയായി.

കര്‍ഷകനും കേരള കോണ്‍ഗ്രസ് (എം) തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റുമായ ജയിംസ് മരുതാനിക്കാടാണ് തനിക്ക് തളിപ്പറമ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നുണ്ടായ ദുരനുഭവം വികസന സമിതി മുമ്പാകെ പരാതി നല്‍കിയ ശേഷം വിശദീകരിച്ചത്.

2019 ല്‍ 3 ലക്ഷം രൂപ നാല് ശതമാനം പലിശക്ക് ഭൂമി പണയപ്പെടുത്തി കാര്‍ഷിക വായ്പ്പയെടുത്ത ജയിംസിനോട് വായ്പ്പ പുതുക്കാന്‍ മുതലും പലിശയും ഉള്‍പ്പെടെ അടക്കാന്‍ രണ്ടാഴ്ച്ചമുമ്പേ ബാങ്ക് ആവശ്യപ്പെട്ടത് പ്രകാരം 3,21,000 രൂപ ബാങ്കില്‍ അടച്ചു.

പിറ്റേ ദിവസം വായ്പ പുതുക്കി നല്‍കാമെന്ന് പറഞ്ഞെങ്കിലും ഒരാഴ്ചക്ക് ശേഷം അക്കൗണ്ടില്‍ വന്നത് 2,78,000 രൂപയായിരുന്നു. ബാങ്കില്‍ ചെന്ന് അന്വേഷിച്ചപ്പോഴാണ് 22,000 രൂപ പ്രോസസിംഗ് ഫീസാണെന്ന് വ്യക്തമാക്കിയത്.

നേരത്തെ ലോണെടുത്തപ്പോള്‍ ഇത്തരത്തില്‍ ഫീസ് വാങ്ങാത്ത കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ വ്യക്തമായി ഒന്നും പറയാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായില്ലത്രേ.

പിന്നീട് കാര്‍ഷകസംഘടനാ പ്രതിനിധികള്‍ ബാങ്കിലെത്തി വിവരം തിരക്കിയപ്പോള്‍ സോഫ്റ്റ് വേറിലെ തകരാറാണെന്നും പരിശോധിച്ച് വേണ്ടത് ചെയ്യാമെന്നുമാണ് അറിയിച്ചതത്രേ.

കാര്‍ഷികവായ്പക്ക് ഇത്തരത്തില്‍ വലിയതോതില്‍ പ്രോസസിംഗ് ഫീ വാങ്ങുന്നതിനെതിരെ കര്‍ഷകരുടെ താല്‍പര്യ സംരക്ഷണത്തിന് വേണ്ടിയാണ് പരാതിയുമായി രംഗത്തുവന്നതെന്ന് ജയിംസ് പറഞ്ഞു.

ജയിംസിന്റെ പരാതി ജില്ലാ കളക്ടറുടെയും ബാങ്ക് ഉന്നത അധികാരികളുടെയും ശ്രദ്ധയില്‍ പെടുത്താന്‍ വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു.