അള്ളാംകുളം അപകടത്തില്‍-അടിയന്തിര നവീകരണം ആവശ്യം
തളിപ്പറമ്പ്: നവീകരിച്ച കുളത്തിന് ചുറ്റും ഇരിപ്പിടം, വിളക്കുകള്‍, പ്രഭാതസവാരിക്കാര്‍ക്കായി വാക്ക്‌വേ–കരിമ്പം പ്രദേശത്തെ പൗരാണികമായ ചരിത്രപശ്ചാത്തലമുള്ള അള്ളാംകുളം 2018 ല്‍ നവീകരിക്കുമ്പോള്‍ നഗരസഭാ അധികൃതര്‍ ജനങ്ങളോട് പറഞ്ഞ കാര്യങ്ങളാണിവയൊക്കെ.
ഒടുവില്‍ പവനായി ശവമായി എന്നുതന്നെ പറയേണ്ട അവസ്ഥയിലായി. അള്ളാംകുളം.
നിര്‍മ്മാണസമയത്ത് പ്രതീക്ഷകള്‍ക്ക് അധികൃതര്‍ ഒരു കുറവും വരുത്തിയിട്ടില്ല. ആദ്യഘട്ടമായി 10 ലക്ഷം രൂപ അനുവദിച്ച് നവീകരണം തുടങ്ങി.
നാലുഘട്ടങ്ങളിലായി 50 ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. ഇതിന് സമീപം 35 ലക്ഷത്തോളം രൂപ ചെലവില്‍ സാംസ്‌ക്കാരിക നിലയവും സ്ഥാപിച്ചിട്ടുണ്ട്.
കാല്‍നൂറ്റാണ്ടിലേറെക്കാലം ചെളിമൂടിക്കിടന്ന കുളം നവീകരിക്കാനുള്ള തീരുമാനത്തെ ജനങ്ങള്‍ താല്‍പര്യപൂര്‍വ്വം സ്വാഗതം ചെയ്തിരുന്നു.
പക്ഷെ, ഇപ്പോള്‍ പണി പൂര്‍ത്തിയായി നാല് വര്‍ഷം തികയുമ്പോള്‍ തന്നെ കുളത്തിന്റെ വശങ്ങളും പടവുകളുമൊക്കെ കല്ലുകള്‍ ഇടിഞ്ഞ് നാശത്തിലേക്കാണ്.
പടിഞ്ഞാറുഭാഗത്തെ കല്‍ക്കെട്ടില്‍ നിന്നും കല്ലുകള്‍ ഇടിഞ്ഞു തുടങ്ങിയിട്ടുണ്ട്.
കൂടാതെ തികച്ചും അശാസ്ത്രീയമായ നിര്‍മ്മിതി അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു.
വലിയൊകു കിണറിനേക്കാള്‍ ആഴത്തിലുള്ള കുളത്തിന്റെ നാലുഭാഗത്തുനിന്നും പടവുകള്‍ വേണ്ടതായിരുന്നുവെങ്കിലും ഒരുഭാഗത്തുകൂടി മാത്രം പടവുകളുള്ള കുളം ഒട്ടും സുരക്ഷിതവുമല്ല.
കഴിഞ്ഞ വര്‍ഷമാണ് നവീകരിച്ചകുളത്തില്‍ നീന്താനെത്തിയ ഒരു വിദ്യാര്‍ത്ഥി മുങ്ങിമരിച്ചത്.
സുരക്ഷിതമായ ഒരു നീന്തല്‍കുളമായി ഇത് നിര്‍മ്മിക്കാുന്നതില്‍ ബന്ധപ്പെട്ടവര്‍ പരാജയപ്പെട്ടിരിക്കയാണ്.
കുളം അടിയന്തിരമായി അറ്റകുറ്റപ്പണികള്‍ നടത്താത്തപക്ഷം വശങ്ങള്‍ ഇടിഞ്ഞ് പൂര്‍ണ്ണമായും നികന്നുപോകാനുള്ള സാധ്യത ഏറെയാണ്.
.