അള്ളാംകുളം ഹരിതമാതൃക കേരളം ഏറ്റെടുക്കുന്നു-മാലിന്യസഞ്ചി സൂപ്പര്‍ഹിറ്റ് സഞ്ചി
കരിമ്പം.കെ.പി.രാജീവന്‍
തളിപ്പറമ്പ്: അള്ളാംകുളത്തുനിന്നും കേരളത്തിന് ഒരു ഹരിതമാതൃക.
തളിപ്പറമ്പ് നഗരസഭയിലെ 12-ാം വാര്‍ഡായ അള്ളാംകുളം വാര്‍ഡില്‍ മിഷന്‍ ക്ലീന്‍ അപ്പ് പദ്ധതിയുടെ ഭാഗമായി വിവിധഘട്ടങ്ങളില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏറെ പ്രശംസ നേടിയിരുന്നു.
ഇതിന്റെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തത് അന്നത്തെ തദ്ദേശസ്വയംഭരണ വകുപ്പ്മന്ത്രി എം.വി.ഗോവിന്ദന്‍ തന്നെയാണ്.
പദ്ധതിയുടെ നാലാംഘട്ടം എന്ന നിലയില്‍ ഇക്കഴിഞ്ഞ ജനുവരി 26 ന് ഹരിത വാര്‍ഡ് പ്രഖ്യാപനവും നടന്നു.
ഇതിന്റെ ഭാഗമായി മാലിന്യനിയന്ത്രണരംഗത്ത് നടപ്പിലാക്കിയ ഒരു പദ്ധതിയാണ് മറ്റ് നഗരസഭകളും പഞ്ചായത്തുകളും ഇപ്പോള്‍ ഏറ്റെടുത്ത് തുടങ്ങിയിരിക്കുന്നത്.
ഹരിത വാര്‍ഡ് പ്രഖ്യാപനത്തിന്റെ ഭാഗമായി വാര്‍ഡ് കൗണ്‍സിലറും നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷയുമായ എം.കെ.ഷബിതയുടെ നേതൃത്വത്തില്‍ മൈത്രിനഗര്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരാണ് വൈദ്യുതിതൂണുകളില്‍ തൂക്കിയിടുന്ന മാലിന്യസഞ്ചികള്‍ക്ക് രൂപം നല്‍കിയത്.
വാര്‍ഡിലെ മുപ്പതോളം പോസ്റ്റുകളില്‍ ഈ സഞ്ചികള്‍ തൂക്കിയിട്ടുകഴിഞ്ഞു. വാഹനയാത്രികരും മറ്റും അലക്ഷ്യമായി വലിച്ചെറിയുന്ന ഏത് തരം മാലിന്യങ്ങളും കണ്ണില്‍പെട്ടാലുടനെ നാട്ടുകാര്‍ എടുത്ത് തൊട്ടടുത്ത പോസ്റ്റില്‍ തൂക്കിയിട്ട സഞ്ചികളില്‍ നിക്ഷേപിക്കുകയാണ്.
ചെറിയ കുട്ടികള്‍ മുതല്‍ വയോധികര്‍ക്ക് വരെ ഇക്കാര്യത്തില്‍ ബോധവല്‍ക്കരണക്ലാസുകളും നല്‍കിക്കഴിഞ്ഞു.
ഇത്തരത്തില്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ ഹരിതകര്‍മ്മസേന ശേഖരിച്ച് കൊണ്ടുപോകുകയും ചെയ്യും.
ഹരിതകേരളമിഷന്‍ ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ തലശേരി നഗരസഭയിലെ ഒരു വാര്‍ഡിലും തളിപ്പറമ്പിന്റെ സമീപപഞ്ചായത്തായ കുറുമാത്തൂരിലും ഇതേ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു.
സംസ്ഥാനത്തെ മറ്റ് നഗരസഭകളും അള്ളാംകുളം മാതൃകയേക്കുറിച്ച് വിവരങ്ങള്‍ അന്വേഷിച്ചുതുടങ്ങി.
ഒന്നിടവിട്ട പോസ്റ്റുകളിലാണ് ആദ്യഘട്ടത്തില്‍ സഞ്ചികള്‍ സ്ഥാപിച്ചിരിക്കുന്നത്.
തുണിയും തയ്യല്‍കൂലിയും ഉള്‍പ്പെടെ 150 രൂപയോളം ഒന്നിന് ചെലവുവരും.
കൂടുതലായി ഉല്‍പ്പാദിപ്പിച്ചാല്‍ ചെലവ് ചുരുക്കാന്‍ സാധിക്കുമെന്ന് കൗണ്‍സിലര്‍ എം.കെ.ഷബിത പറഞ്ഞു.
വിവാഹസദ്യക്ക് വലിയ പ്ലാസ്റ്റിക്ക് സഞ്ചികളില്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്ന മാതൃകയുടെ ഹരിത പതിപ്പാണ് അള്ളാംകുളം വാര്‍ഡില്‍ നടപ്പാക്കിയത്.
അതിപ്പോള്‍ അതിരുകള്‍ ഭേദിച്ച് കുതിക്കുകയാണ്.
വാര്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ എം.സുബൈര്‍, മൈത്രിനഗര്‍ റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങളായ റുബീന, ഷഹനാസ്, സാവിത്രിരാജപ്പന്‍, എം.കെ.മുഹമ്മദ്, ഷാജി എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.