ആമല്ലൂര്‍ നാരായണന്‍ നമ്പൂതിരിക്ക് ശ്രോത്രിയരത്‌നം പുരസ്‌ക്കാരം.

പിലാത്തറ: ശ്രീരാഘവപുരം സഭായോഗം പരമോന്നത ബഹുമതിയായ ശ്രോത്രിയരത്‌നം പുരസ്‌കാരത്തിന് ആമല്ലൂര്‍ നാരായണന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍  പറഞ്ഞു.

ഇരിങ്ങാലക്കുട സ്വദേശിയായ നാരായണന്‍ നമ്പൂതിരി കൂടല്‍മാണിക്യം, തൃപ്പൂണിത്തുറ, ചോറ്റാനിക്കര, പെരുവനം, ചെനക്കത്തൂര്‍, പാറമേക്കാവ്, തിരുമാന്ധാംകുന്ന്, നീലേശ്വരം, അന്ധേരി, ജലഹള്ളി, മഹാലിംഗപുരം, പെരമ്പൂര്‍ എന്നീ ക്ഷേത്രങ്ങളില്‍ യജുര്‍വേദ ലക്ഷാര്‍ച്ചനകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

1975 മുതല്‍ രാപ്പാളിലും 200 മുതല്‍ മിത്രാനന്ദപുരത്തും തുടര്‍ച്ചയായി ഓത്തുകെട്ടുകളില്‍ പങ്കെടുത്തുവരുന്നുണ്ട്.

1993 മുതല്‍ 2017 വരെ ഇരിങ്ങാലക്കുട യജുര്‍വേദപാഠശാല സെക്രട്ടെറിയായിരുന്നു.

ശ്രീദേവി അന്തര്‍ജനമാണ് ഭാര്യ.

സംഗമേശന്‍ നമ്പൂതിരി, ശരണ്യ, ശാരിക എന്നിവര്‍ മക്കള്‍.

ചെറുതാഴം സഭായോഗത്തിന്റെ ഡിസംബര്‍ 26 ന് ചേരുന്ന വാര്‍ഷിക യോഗത്തില്‍ വെച്ച് ചിറക്കല്‍ കോവിലകം വലിയ രാജ ഉത്രട്ടാതി തിരുനാള്‍ രാമവര്‍മ്മ രാജ പുരസ്‌ക്കാരം സമ്മാനിക്കും.

10,008 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.

മുന്‍ ബദരീനാഥ് റാവല്‍ജി വടക്കേ ചന്ദ്രമന ഈശ്വരപ്രസാദ് നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് നാരായണന്‍ നമ്പൂതിരിയെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.

ടി.വി.മാധവന്‍ നമ്പൂതിരി, ഡോ.ഒ.സി.കൃഷ്ണന്‍ നമ്പൂതിരി, കെ.പി.ഹരിനമ്പൂതിരി, കാനപ്രം ശങ്കരന്‍ നമ്പൂതിരി, ജഗദീശ് ശ്രീധര്‍, മധു മരങ്ങാട്, വരക്കല്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.