30 കോടിയുടെ അംബര്‍ഗ്രീസുമായി(തിമിംഗല ഛര്‍ദ്ദി) രണ്ടംഗസംഘം വനം വകുപ്പിന്റെ പിടിയില്‍-

തളിപ്പറമ്പ്: 30 കോടിയുടെ ആംബര്‍ഗ്രീസുമായി(തിമിംഗല ഛര്‍ദ്ദി) രണ്ട് പേര്‍ പിടിയില്‍.

തിരുവനന്തപുരം ഫോറസ്റ്റ് വിജിലന്‍സ് പ്രിന്‍സിപ്പള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മാതമംഗലം കോയിപ്രയിലെ ഇസ്മായില്‍, ബംഗളൂരുവില്‍ സ്ഥിരതാമസക്കാരനായ അബ്ദുള്‍റഷീദ് എന്നിവരെ അറസ്റ്റ് ചെയ്തത്.

മാതമംഗലംകോയിപ്ര റോഡില്‍ ആംബര്‍ഗ്രീസ് വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസറും തളിപ്പറമ്പ് റേഞ്ച് ഓഫീസറും സംഘവും സംയുക്തമായി നടത്തിയ വാഹന പരിശോധനയ്ക്കിടയില്‍ കോയിപ്രയില്‍ വെച്ചാണ് ഇരുവരും പിടിയിലായത്.

കെ.എല്‍-13 വൈ 333 മഹീന്ദ്ര എക്‌സ് യു വി യും 9 കിലോഗ്രാം ആംബര്‍ഗ്രീസും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

നിലമ്പൂര്‍ സ്വദേശികള്‍ക്ക് വില്‍പ്പന നടത്താന്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ വനം വകുപ്പിന്റെ പിടിയിലായത്‌.


30 കോടി രൂപയ്ക്ക് വില്‍പ്പന നടത്താനായിരുന്നു പ്രതികള്‍ ശ്രമിച്ചത്. തിമിംഗല ചര്‍ദ്ദി എന്ന നിലയില്‍ നാട്ടില്‍ അറിയപ്പെടുന്ന ഇത് തിമിംഗലങ്ങളുടെ കുടലില്‍ ദഹനപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്ന ഒരു ഉല്‍പ്പന്നം ആയാണ് അറിയപ്പെടുന്നത്.

ഔഷധ നിര്‍മാണത്തിനും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനും ആയിരത്തിലേറെ വര്‍ഷത്തിലധികമായി ആംബര്‍ഗ്രീസ് ഉപയോഗിക്കുന്നുണ്ടെങ്കിലും സുഗന്ധം കൂടുതല്‍ നേരം നില്‍ക്കാന്‍ സഹായിക്കുന്ന ഒരു പ്രകൃതിദത്തപശ എന്ന നിലയിലാണ് സുഗന്ധദ്രവ്യ വിപണിയില്‍ ഇവയ്ക്ക് സ്വര്‍ണത്തേക്കാള്‍ വിലമതിക്കുന്നത്.

എണ്ണ തിമിംഗലങ്ങളിലാണ് ഇവ ഉത്പാദിപ്പിക്കപ്പെടുന്നത്. ഇന്ത്യയിലെ വന്യജീവി സംരക്ഷണ നിയമത്തില്‍ ഷെഡ്യൂള്‍ രണ്ടില്‍ പെട്ടതാണ് എണ്ണതിമിംഗലം.

എണ്ണതിമിംഗലങ്ങളുടെ ഏതെങ്കിലും ഉല്‍പ്പന്നങ്ങള്‍ കൈവശം വെക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്നത് ഇന്ത്യയില്‍ നിയമവിരുദ്ധമാണ്.

എന്നാല്‍ ആംബര്‍ഗ്രീസ് ശേഖരിക്കുന്നതിന് തിമിംഗലങ്ങളെ കൊലപ്പെടുത്തേണ്ട കാര്യമില്ല. എന്നാല്‍ ഇതിന്റെ മോഹവില കേട്ട് വിദേശരാജ്യങ്ങളില്‍ വേട്ടയാടപ്പെടുന്നുണ്ടെന്ന വിവരമുണ്ടെങ്കിലും വേട്ടയാടപ്പെട്ട തിമിംഗലങ്ങള്‍ നിന്ന് ഇത് ഒരിക്കലും ലഭിക്കാറില്ല.

പ്രതികളെയും വാഹനവും പിടികൂടുന്നതിന് ഫളയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ വി.പ്രകാശന്‍, തളിപ്പറമ്പ് റേഞ്ച് ഓഫീസര്‍ വി.രതീശന്‍, ഫ്‌ളയിംഗ് സ്‌ക്വാഡ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ. ചന്ദ്രന്‍, പി.ഷൈജു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.മധു,

സി.പ്രദീപന്‍, ലിയാണ്ടര്‍ എഡ്വേര്‍ഡ്, പി.പി.സുബിന്‍, കെ.ഷഹല, ഫ്‌ളയിംഗ് സ്‌ക്വാഡ് സീനിയര്‍ ഫോറസ്റ്റ് െ്രെഡവര്‍ ടി.പ്രജീഷ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.