മാര്‍ജിന്‍ഫ്രീ ആംബുലന്‍സുമായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആംബുലന്‍സ് രോഗികള്‍ക്ക് ആശ്വാസമാവുംവിധം മിതമായനിരക്കില്‍ അടുത്തദിവസം മുതല്‍ സര്‍വീസ് നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ ഡോ കെ.അജയകുമാര്‍ അറിയിച്ചു.

കല്യാശ്ശേരി, ഇരിക്കൂര്‍ എം.എല്‍.എമാര്‍ പുതുതായി ഗവ.മെഡി ക്കല്‍ കോളേജിന് അനുവദിച്ച ആംബുലന്‍സുകളാണ് ഇത്തരത്തില്‍ സര്‍വീസ് നടത്തുക.

ഇതു പ്രകാരം മിനിമം ചാര്‍ജായി 6 കിലോമീറ്റര്‍ ദൂരത്തേക്ക് 600 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 12 രൂപ നിരക്കിലുമാണ് ഈടാക്കുക.

കോവിഡ്‌കോവിഡേതര വിഭാഗങ്ങള്‍ക്ക് ഒരേ നിരക്കായിരിക്കും. സ്വകാര്യ ആംബുലന്‍സുകള്‍ കൂടുതല്‍ തുക ഈടാക്കുമ്പോഴാണ് കുറഞ്ഞ നിരക്കില്‍ മെഡിക്കല്‍ കോളേജ് ആംബുലന്‍സ് ഓടിക്കാന്‍ തീരുമാനിച്ചത്.

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ, സ്വമേധയാ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് വാങ്ങിപ്പോവുന്നവര്‍ക്ക് ഈ ആംബുലന്‍സുകളുടെ സേവനം ലഭ്യമായിരിക്കില്ല.

ആംബുലന്‍സ് സേവനം മെഡിക്കല്‍ കോളേജ് ആവശ്യത്തിനുശേഷം അതത് ഘട്ടത്തിലെ ലഭ്യത യനുസരിച്ചായിരിക്കുമെന്നും, ജില്ലാ കളക്ടര്‍ ചെയര്‍മാനായ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിലാണ് ആംബുലന്‍സ് വാടക അടയ്‌ക്കേണ്ടതെന്നും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു.