ആംബുലന്‍സ് ഓണെഴ്‌സ് & ഡ്രൈവേഴ്‌സ് അസോസിയേഷന്‍ (എ.ഒ.ഡി.എ) നിവേദനം നല്‍കി

കണ്ണൂര്‍: വേളാപുരം മുതല്‍ പുതിയതെരുവരെയുള്ള നാഷണല്‍ ഹൈവേ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നതിനെതിരെ ആംബുലന്‍സ് ഓണേഴ്‌സ് ആന്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ രംഗത്ത്.

റോഡില്‍ അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ നിലവിലെ റോഡ് യാത്രക്കാര്‍ക്ക് ഭീഷണിയായിട്ട് മാസങ്ങളായി.

റോഡിലെ കുഴികളും പാച്ച് വര്‍ക്ക് നടത്തിയ ഭാഗത്തെ കട്ടിങ്ങും അത്യാഹിത രോഗികളുടെ ജീവന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്.

നൂറിലധികം ആംബുലന്‍സുകള്‍ ദിവസേനെ സര്‍വീസ് നടത്തുന്ന ഈ മേഖല ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പല രീതിയിലുള്ള വെല്ലുവിളികളാണ് ഉണ്ടാക്കുന്നത്.

സ്പൈന്‍ ഇഞ്ചുറി, ഓര്‍ത്തോ കേസുകള്‍ കൊണ്ട് പോകുന്ന സാഹചര്യത്തില്‍ റോഡിലെ കുഴി കാരണം രോഗിയുടെ ആരോഗ്യ സ്ഥിതി കൂടുതല്‍ അപകടവസ്ഥയിലേക്ക് മാറുകയാണ്.

റോഡിന്റെ ശോചനീയാവസ്ഥ കാരണം നിരന്തരം ഉണ്ടാകുന്ന ട്രാഫിക് ബ്ലോക്കുകള്‍ ഈ മേഖലയില്‍ നിത്യ സംഭവം ആണ്.

നാഷണല്‍ ഹൈവേ അതോറിറ്റിക്ക് മുമ്പാകെ സമ്മര്‍ദം ശക്തമാക്കാനും നിലവിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനും എം.എല്‍.എയുടെ ഭാഗത്ത് നിന്നും വേണ്ട ഇടപെടല്‍ നടത്താന്‍ അഴീക്കോട് നിയോജക മണ്ഡലം എം.എല്‍.എ കെ.വി സുമേഷിന് സംഘടന നിവേദനം നല്‍കി.

എത്രയും പെട്ടെന്ന് തന്നെ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് ഈ വിഷയം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുന്നതാണെന്ന് എം.എല്‍.എ ഉറപ്പ് നല്‍കി.

ജില്ല പ്രസിഡന്റ് അഷ്റഫ് മാട്ടൂല്‍, ജില്ലാ ട്രഷറര്‍ റംസി പാപ്പിനിശ്ശേരി, ജില്ലാ കമ്മിറ്റി അംഗം ഷംനാദ് പഴയങ്ങാടി എന്നിവര്‍ നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.