ആംബുലന്‍സ് ഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ആറുപേര്‍ക്കെതിരെ കേസ്, മൂന്നുപേര്‍ അറസ്റ്റില്‍.
പരിയാരം: ആംബുലന്‍സ് ഡ്രൈവറും സി.ഐ.ടി.യു നേതാവുമായ പിലാത്തറയിലെ റിജേഷിനെ(32) ബിയര്‍കുപ്പികൊണ്ട് കുത്തി
വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആറുപേര്‍ക്കെതിരെ പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു, മൂന്ന് പേര്‍ അറസ്റ്റില്‍.
ചന്ദ്രന്‍, ശരത്ത്, അശ്വിന്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് മെഡിക്കല്‍ കോളേജ് പരിസരത്തുവെച്ച് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പരസ്പരം ഏറ്റുമുട്ടിയത്.
ഇതിനിടയില്‍ മറ്റൊരു ആംബുലന്‍സ് ഡ്രൈവറായ അശ്വിന്റെ പിതാവ് ചന്ദ്രന്‍ ബിയര്‍കുപ്പി പൊട്ടിച്ച് റിജേഷിന്റെ വയറ്റില്‍ കുത്തുകയായിരുന്നു.
ഒഴിഞ്ഞുമാറിയതുകൊണ്ട് മാത്രമാണ് ചെറിയ പരിക്കോടെ രക്ഷപ്പെട്ടത്.
സി.ഐ.ടി.യു നേതൃത്വത്തിലുള്ള ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സംഘടനയുടെ കണ്ണൂര്‍ ജില്ലാ ജോ.സെക്രട്ടറിയായ റിജേഷ് മെഡിക്കല്‍
കോളേജ് പരിസരത്തെ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ പ്രസിഡന്റുമാണ്.
കഴിഞ്ഞ ദിവസം അശ്വിന്‍ ബംഗളൂരുവിലേക്ക് ആംബുലന്‍സുമായി ട്രിപ്പ് പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍
പറഞ്ഞുതീര്‍ക്കുന്നതിനാണ് താന്‍ ശ്രമിച്ചതെന്നും ഇവര്‍ തന്നെ ജാതിപറഞ്ഞ് ആക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതു,
ഇതിനിടയില്‍ ചന്ദ്രന്‍ ബിയര്‍കുപ്പി പൊട്ടിച്ച് കുത്തുകയായിരുന്നുവെന്നും റിജേഷ് കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.
പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബു, എസ്.ഐ കെ.വി.സതീശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. മറ്റ് മൂന്ന് പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്.
പട്ടികജാതിക്കാരനെതിരായ അക്രമത്തിന് കൂടി കേസെടുത്തതിനാല്‍ പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രനാണ് തുടരന്വേഷണം നടത്തുക.