രാഗം… താനം… കീര്‍ത്തനം… നിരവല്‍… സ്വരം… പെരുഞ്ചെല്ലൂരില്‍ ആനന്ദ സമര്‍പ്പണ കച്ചേരിക്ക് പ്രിയമേറുന്നു

തളിപ്പറമ്പ്: പെരുഞ്ചെല്ലൂരില്‍ ആനന്ദ സമര്‍പ്പണ കച്ചേരിക്ക് പ്രിയമേറുന്നു.

പതിനൊന്നാമത്തെ ആനന്ദ സമര്‍പ്പണ്‍ സംഗീത കച്ചേരിയുടെ ഭാഗമായി ഇന്നലെ ചിറവക്ക് നീലകണ്ഠ അബോഡില്‍ വായ്പ്പാട്ടില്‍ പ്രഗത്ഭ കര്‍ണാട്ടിക് സംഗീതജ്ഞന്‍ കെ എസ്.വിഷ്ണുദേവും,

വയലിനില്‍ യുവ പ്രതിഭ ആലങ്കോട് വി.എസ്.ഗോകുലും ചേര്‍ന്ന് പരമ്പരാഗത സംഗീത രീതിയില്‍ ത്യാഗരാജ സ്വാമി മധ്യമാവതി രാഗത്തില്‍ ചിട്ടപ്പെടുത്തിയ രാമ കഥാ സുധാരസ എന്ന കീര്‍ത്തനം രണ്ടര മണിക്കൂര്‍ നീണ്ട ആലാപനത്തില്‍ ശ്രോതാക്കള്‍ക്ക് ആത്മാനന്ദം പകര്‍ന്നു.

കച്ചേരിയില്‍ ഒന്നര മണിക്കൂര്‍ രാഗത്തെ വിസ്തരിച്ച ശേഷം, താനവും സ്വരവും ആലപിച്ച്, കൃതിയില്‍ നിരവല്‍ പാടിക്കഴിഞ്ഞപ്പോള്‍ മനോധര്‍മവും സൗന്ദര്യശാസ്ത്രവും പുറത്തെടുത്ത നാദോപാസകനെ ശുദ്ധ സംഗീതാസ്വാദകര്‍ നിറഞ്ഞ മനസോടെ അഭിനന്ദിച്ചു.

വിജയ് നീലകണ്ഠന്‍ ആമുഖ പ്രഭാഷണം നടത്തി. എ.എല്‍.ലക്ഷ്മി കലാകാരന്മാരെ ആദരിച്ചു.