ആനന്ദ് സമര്‍പ്പണത്തില്‍ ആറാടി നീലകണ്ഠ അബോഡ്-

തളിപ്പറമ്പ്: പ്രഗല്‍ഭരായ സംഗീതജ്ഞരെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി ആദരിക്കുകയും അവരുടെ സംഗീതം ആസ്വദിക്കുകയും ചെയ്യുന്ന പഴയരീതി ആനന്ദ് സമര്‍പ്പണ്‍ എന്ന പേരില്‍ പുനരാവിഷ്‌ക്കരിക്കുകയാണ് പെരുഞ്ചല്ലൂരിന് സംഗീതസദ്യയൊരുക്കിയ വിജയ് നീലകണ്ഠന്‍.

സംഗീതകച്ചേരിയില്‍ ഒരു രാഗം, ഒരു കീര്‍ത്തനം, പല ഭാവം എന്ന കാഴ്ച്ചപ്പാടില്‍ അദ്ദേഹം ആവിഷ്‌ക്കരിച്ച ആനന്ദ സമര്‍പ്പണ്‍ പരിപാടിയുടെ ഭാഗമായി ചിറവക്ക് നീലകണ്ഠ അബോഡില്‍ നടന്ന മൂന്നാമത്തെ കച്ചേരിയില്‍ നാദോപാസനയുമായി എത്തിയത് കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും സിനിമ പിന്നണി ഗായകനുമായ പ്രണവം എം.കെ.ശങ്കരന്‍ നമ്പൂതിരി.

കര്‍ണാടക സംഗീതത്തിലെ 45-ാം മേളകര്‍ത്താരാഗം ശുഭപന്തുവരാളിയില്‍ മുത്തുസ്വാമി ദിക്ഷിതര്‍ രചിച്ച ശ്രീ സത്യനാരായണം ഉപാസ്മഹേ എന്ന കീര്‍ത്തനം അദ്ദേഹം ആലപിച്ചപ്പോള്‍ സംഗീതപ്രേമികള്‍ സ്വയം മറന്ന് ലയിച്ചിരുന്നു.

20 വയസ്സിനുള്ളില്‍ നാനൂറിലധികം കച്ചേരിയില്‍ വയലിനില്‍ അകമ്പടിയേകിയ വാദകന്‍ ആലങ്കോട് വി.എസ്.ഗോകുലും കൂടെ ചേര്‍ന്ന് ആനന്ദ് സമര്‍പ്പണ്‍ ആസ്വാദകര്‍ക്ക് ഓര്‍മയിലെന്നും തിളങ്ങിനില്‍ക്കുന്ന അനുഭവമാക്കി മാറ്റി.

ശ്രോതാക്കളുടെ ഹൃദയത്തില്‍ സങ്കടം ഉണര്‍ത്തുന്ന ഒരു രാഗമായിട്ടാണ് ശുഭപന്തുവരാളിയെ കാണുന്നതെങ്കിലും ഇരുവരും ചേര്‍ന്ന് ഈ രാഗം ശുദ്ധരീതിയില്‍ ആലപിച്ചപ്പോള്‍ ഏവര്‍ക്കും അത് ആനന്ദത്തിന്റെ ശുഭസൂചകമായി മാറി.

വേറിട്ട സംഗീതവഴികളിലൂടെ പെരുഞ്ചെല്ലൂരിനെ ലോകപ്രശസ്തമാക്കിയ വിജയ് നീലകണ്ഠന്‍ ചെറിയ സദസിലൂടെ വലിയസംഗീതജാലകം തുറന്നിടുന്നത് ഈ രംഗത്ത് മാറ്റങ്ങളുടെ വഴികാട്ടിയായിട്ടാണ് ഗണിക്കപ്പെടുന്നത്.