കുളിരുകോരുന്ന പാട്ടുകളുടെ 36 വര്‍ഷം-അനുരാഗി-@36.

ഒന്‍പത് വര്‍ഷത്തെ പിണക്കത്തിന് ശേഷം ഐ.വി.ശശിയും ആലപ്പി ഷെരീഫും ഒത്തുചേര്‍ന്ന സിനിമയാണ് 1988 നവംബര്‍-12 ന് 36 വര്‍ഷംമുമ്പ് റിലീസ് ചെയ്ത അനുരാഗി എന്ന സിനിമ.

ചെറുപുഷ്പം ഫിലിംസിന്റെ ബാനറില്‍ ജോസ്‌കുട്ടി നിര്‍മ്മിച്ച സിനിമയില്‍ മോഹന്‍ലാല്‍, സോമന്‍, ഉര്‍വ്വശി, സരിത, പപ്പു, പ്രതാപചന്ദ്രന്‍, രമ്യകൃഷ്ണന്‍, കെ.ആര്‍.സാവിത്രി എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്.

വി.ജയറാം ക്യാമറയും കെ.നാരായണന്‍ എഡിറ്റിംഗും ഐ.വി.സതീഷ്ബാബു കലാസംവിധാനവും നിര്‍വ്വഹിച്ചു.

കുര്യന്‍ വര്‍ണശാലയും പി.എന്‍.മേനോനുമാണ് പരസ്യങ്ങള്‍ തയ്യാറാക്കിയത്.

ചെറുപുഷ്പം ഫിലിംസ് തന്നെയായിരുന്നു വിതരണം.

ഐ.വി.ശശിയുടെ ആദ്യകാല സിനിമകളോട് അടുത്തുനില്‍ക്കുന്ന പ്രണയവും പ്രതികാരവും സംഭവബഹുലമായ ക്ലൈമാക്‌സും നിറഞ്ഞ വ്യത്യസ്തമായ വിഷയം ആയിരുന്നിട്ടും അതിമനോഹരങ്ങളായ പാട്ടുകള്‍ ഉണ്ടായിരുന്നിട്ടും സിനിമ വേണ്ടത്ര വിജയം നേടിയില്ല.

അതുകൊണ്ടുതന്നെ ആലപ്പി ഷെരീഫിനെ വെച്ച് വീണ്ടുമൊരു പരീക്ഷണത്തിന് ശശി തയ്യാറായില്ല.

ഉല്‍സവത്തില്‍ തുടങ്ങി 1978 ലെ അലാവുദ്ദീനും അല്‍ഭുതവിളക്കിലും അവസാനിച്ച ഐ.വി.ശശി-ഷെരീഫ് കൂട്ടുകെട്ടിലെ അവസാന സിനിമയായി അനുരാഗി.

യൂസുഫലി കേച്ചെരിയും-ഗംഗൈ അമരനും ചേര്‍ന്നൊരുക്കിയ ആറ് പാട്ടുകളാണ് സിനിമയുടെ ഹൈലൈറ്റ്. കുളിരുകോരിയിടുന്ന സംഗീതമാണ് ഗംഗൈഅമരന്‍ അനുരാഗിക്ക് വേണ്ടി ഒരുക്കിയത്. യേശുദാസ് പാടിയ ഏകാന്തതേ നീയും അനുരാഗിയാണോ എന്ന ഗാനം ചിത്രയും അലപിക്കുന്നുണ്ട്. യേശുദാസ് തന്നെ പാടിയ ഹേയ് ചാരുഹാസിനി, ഒരു വസന്തം വിരുന്നുവന്നു, യേശുദാസും ചിത്രയും പാടിയ രഞ്ജിനീ രാഗമാണോ, ചിത്ര പാടിയ ഉടലിവിടെ-എന്നീ ഗാനങ്ങള്‍ എത്രയാവര്‍ത്തി കേട്ടാലും മടുക്കാത്തവയാണ്.