ആരോമലിന്റെ മൃതദേഹം മുങ്ങിയ സ്ഥലത്തുതന്നെ കണ്ടെത്തി-
തളിപ്പറമ്പ്: വെള്ളിക്കീല്‍ പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി.

പട്ടുവം പരണൂലിലെ നിര്‍മ്മാണ തൊഴിലാളി കെ.എന്‍.രമേശന്‍-ആശാവര്‍ക്കറായ റീത്ത ദമ്പതികളുടെ മകന്‍ കെ.ആരോമലിന്റെ (16) മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചോടെയാണ് കണ്ടെത്തിയത്.
നീന്തുന്നതിനിടയില്‍ മുങ്ങിയ അതേ സ്ഥലത്തുനിന്ന് തന്നെയാണ് തളിപ്പറമ്പ് അഗ്നിശമനസേന മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച്ച വൈകുന്നേരം ആറോടെയാണ് കുളിക്കുന്നതിനിടയില്‍ ആരോമലിനെ വെള്ളിക്കീല്‍ പുഴയില്‍ കാണാതായത്.
കൂട്ടുകാരുമൈാത്ത് പുഴയില്‍ കുളിക്കാനെത്തിയ ആരോമല്‍ നീന്തുന്നതിനിടയില്‍ മുങ്ങിത്താഴുകയായിരുന്നു.
വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസും അഗ്‌നിശമനസേനയും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല.
രാത്രി എട്ടോടെ വെളിച്ചക്കുറവ് കാരണം അഗ്‌നിശമനസേന തെരച്ചില്‍ നിര്‍ത്തിയെങ്കിലും നാട്ടുകാര്‍ അന്വേഷണം തുടര്‍ന്നിരുന്നു.
രാവിലെ ആറോടെ അഗ്‌നിശമനസേനയും പോലീസും പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതിയുടെ നേതൃത്വത്തില്‍ നാട്ടുകാരും തെരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കിട്ടിയത്.
വെള്ളത്തില്‍ താഴ്ന്നുപോയ മറ്റ് രണ്ട് കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു.
മൂത്തേടത്ത് ഹൈസ്‌കൂളില്‍ നിന്ന് ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിയാണ് ആരോമല്‍.
സഹോദരന്‍ അര്‍ജുന്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌ക്കാരം നാളെ ഉച്ചക്ക് നടക്കും.
