ആസം പോലീസ് അഞ്ച്‌ലക്ഷം ഇനാം പ്രഖ്യാപിച്ച അസ്മത് അലി മലപ്പുറത്ത് അറസ്റ്റില്‍-

മലപ്പുറം: അസം പോലീസ് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി മലപ്പുറത്ത് അറസ്റ്റില്‍.

സോനിത്പുര്‍ സ്വദേശി അസ്മത് അലി, സഹായി അമീര്‍ ഖുസ്മു എന്നിവരെയാണ് നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

നിലമ്പൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു ഇയാള്‍.

വംശനാശ ഭീഷണി നേരിടുന്ന കാണ്ടാമൃഗത്തെയടക്കം വേട്ടയാടിയ കേസില്‍ പ്രതിയായ ഇയാള്‍ കേരളത്തില്‍ വന്ന് ഒളിവില്‍ താമസിക്കുകയായിരുന്നു.

അസം പോലീസ് ഇയാളെ പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിക്കുകയും വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അസം പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി നിലമ്പൂര്‍ പോലീസിന്റെ വലയിലാകുന്നത്.

അസം പോലീസ് നിലമ്പൂരിലെത്തിയിട്ടുണ്ട്. വൈകാതെ തന്നെ ഇയാളെ അസമിലെത്തിക്കുമെന്നാണ് വിവരം.

നിരവധി ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നാണ് വിവരം.
അസം പോലീസ് ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതോടെ ജോലി അന്വേഷിച്ചെത്തുന്ന തൊഴിലാളികള്‍ക്കൊപ്പം ഇയാള്‍ കേരളത്തിലേക്ക് കടക്കുകയായിരുന്നു.

തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം തന്നെ താമസമാക്കുകയും ചെയ്തു.

ഇയാളെക്കുറിച്ചുള്ള വിവരങ്ങളൊന്നും അസം പോലീസിന് ലഭിക്കാതായതോടെ അന്വേഷണം വഴിമുട്ടിയ സാഹചര്യമായിരുന്നു.

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഇയാള്‍ സുരക്ഷിത സ്ഥലം എന്ന നിലയിലാണ് നിലമ്പൂരില്‍ എത്തിയത്.

നേരത്തെ ഇയാളുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

ബന്ധുക്കള്‍, വീട്ടുകാര്‍ എന്നിവരുമായി ഇയാള്‍ കുറച്ച് കാലമായി ബന്ധപ്പെട്ടിരുന്നില്ല.

എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് അസ്മത്ത് അലി നിലമ്പൂരില്‍ ഉണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്.

നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണുവും സംഘവുമാണ് ഇയാളെ പിടികൂടിയത്.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് പിടികൂടിയത്. ഡി.വൈ.എസ്.പിയുടെ കീഴിലുള്ള ടാക്‌സ്‌ഫോഴ്‌സും, നിലമ്പൂര്‍ പോലീസും സംഘത്തിലുണ്ടായിരുന്നു.