ബിനോയി വിജയനേയും മാതാവിനെയും ആക്രമിച്ച സംഭവത്തില്‍ കെ.ജെ.യു കണ്ണൂര്‍ ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു.

കണ്ണൂര്‍: യുവജന സംഘടനയായ ഡിവൈഎഫ്‌ഐയില്‍ അധമ സംസ്‌ക്കാരത്തിന്റെ പുഴുക്കുത്തുകള്‍ ഏല്‍പ്പിക്കുന്ന ചില നേതാക്കന്‍മാരുടെ വഴിവിട്ട മാഫിയ ബന്ധങ്ങള്‍

വാര്‍ത്തയാക്കിയ പ്രൈം ന്യൂസിന്റെ ന്യൂസ് കോ-ഓര്‍ഡിനേറ്ററും കെ ജെ യു ജില്ലാ സെക്രട്ടറിയുമായ ബിനോയി വിജയനെയും അമ്മ ശാന്തമ്മയെയും

ഡിവൈഎഫ് ഐ മേഖലാ നേതാവിന്റെ നേതൃത്വത്തില്‍ ഒരു സംഘം ആക്രമിച്ചതില്‍ കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു.

അടൂര്‍ ഗസ്റ്റ് ഹൗസിലെ അക്രമസംഭവത്തില്‍ ഡി.വൈ.എഫ്.ഐ മേഖലാ കമ്മറ്റി അംഗം രാജീവ്ഖാന് ബന്ധമുണ്ടെന്ന് വാര്‍ത്ത നല്‍കിയെന്നാരോപിച്ചാണ് 29 ന് രാത്രി 11.30 ന് സ്വന്തം വീടിന് സമീപത്തുവെച്ച് പ്രൈം ന്യൂസ് എഡിറ്റര്‍ പഴകുളം തെങ്ങുംതാര മഞ്ജീരത്തില്‍ ബിനോയ് വിജയനും മാതാവ് ശന്തമ്മക്കും മര്‍ദ്ദനമേറ്റത്.

സി.പി.എം പെരിങ്ങനാട് വടക്ക് ലോക്കല്‍ കമ്മറ്റി സെക്രട്ടെറി അഖിലിന്റെ നേതൃത്വത്തിലായിരുന്നു അക്രമം.

ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടെറിയും ഗ്രാമപഞ്ചായത്തംഗവുമായ സുജിത്ത്, വിഷ്ണു, അരുണ്‍, അക്ഷയ്  എന്നിവരും സംഘത്തിലുണ്ടായിരുന്നു

ആശുപത്രിയില്‍ കഴിയുന്ന ബിനോയ് വിജയന്‍ പറഞ്ഞു. സി.പി.എം പ്രവര്‍ത്തകനും മുന്‍ ലോക്കല്‍ കമ്മറ്റി അംഗവുമാണ് ബിനോയ് വിജയന്‍.

അക്രമികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് കരിമ്പം.കെ.പി.രാജീവന്‍, സെക്രട്ടെറി സാജു ചെമ്പേരി എന്നിവര്‍ ആവശ്യപ്പെട്ടു.

ഡിവൈഎഫ്‌ഐയിലെ ചില നേതാക്കളുടെ മാഫിയ ബന്ധം വാര്‍ത്തയാക്കിയതിനാണ് ബിനോയി വിജയനും മാതാവും ഒരു മേഖലാ നേതാവിന്റെ നേതൃത്വത്തില്‍ ആക്രമിക്കപ്പെട്ടത്.

രാഷ്ട്രീയ യുവജന സംഘടനകളുടെ സാമൂഹ്യ ഇടപെടലുകളും, ജനോപകാര പ്രവര്‍ത്തനങ്ങളും വാര്‍ത്തയാക്കുമ്പോള്‍ തന്നെ ഈ സംഘടനകളിലെ

അപചയങ്ങളും പ്രവര്‍ത്തകരുടെയും, നേതാക്കളുടെയും പോരായ്മകളും വഴിവിട്ട ബന്ധങ്ങളും ചൂണ്ടിക്കാട്ടി തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കുവാനുള്ള സാമൂഹ്യ പ്രതിബദ്ധത മാധ്യമങ്ങള്‍ക്കുണ്ട്. ഇത്തരത്തില്‍

പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെയും, മാധ്യമ പ്രവര്‍ത്തകരെയും കായിക ശക്തി ഉപയോഗിച്ച് അമര്‍ച്ച ചെയ്യുവാനും, നിശബ്ദരാക്കുവാനുമുള്ള ഏത് നീക്കത്തെയും

കെ ജെ യു ശക്തമായി എതിര്‍ക്കുമെന്ന് കെ ജെ യു ദേശീയ സമിതി അംഗം ബാബു തോമസ്, സംസ്ഥാന സെക്രട്ടറി മനോജ് പുളിവേലില്‍ എന്നിവര്‍ അറിയിച്ചു.