വീട്ടില്‍ അതിക്രമിച്ച് കയറി യുവാവിനെ വധിക്കാന്‍ ശ്രമിച്ച സംഘത്തെ തടഞ്ഞ മൂന്നുപേര്‍ക്ക് പരിക്ക്-എട്ടുപേര്‍ അറസ്റ്റില്‍.
തളിപ്പറമ്പ്: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹനാഥനേയും
മക്കളേയും വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എട്ടുപേരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.
പുളിമ്പറമ്പിലെ പൂമംഗലോരകത്ത് പുതിയപുരയില്‍ റിഷാന്(24), തിരുവോത്ത് വീട്ടില്‍ അങ്കിത്(27), സുബി മഹലില്‍ സി.ശ്യാമില്‍(27), താഹിറാസില്‍ പി.വി.മുഹമ്മദ് റമീസ്(27), പട്ടുവം ഹൈസ്ക്കൂള് റോഡിന് സമീപത്തെ കുതിരുമ്മല്‍ വീട്ടില്‍ കെ.സുജിന്‍(24), ചവനപ്പുഴ പുതിയകണ്ടത്തെ ഷിഫ മഹലില്‍ എ.പി.മുഹമ്മദ്സിനാന്‍(27), പുളിമ്പറമ്പ് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ എ.പി.ഹൗസില്‍ എ.പി.മുഹമ്മദ് ഷബീര്‍(27), പുളിമ്പറമ്പ് പള്ളിക്ക് സമീപത്തെ സി.മുഹമ്മദ് ജഫ്രീന്(27) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഇവരുടെ പേരില്‍ വധശ്രമക്കേസെടുത്ത് അറസ്റ്റ് ചെയ്തു.
കുറുമാത്തൂര്‍ മുയ്യത്ത് ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം നടന്നത്. മുയ്യം കടുങ്ങാന്റകത്ത് കെ.അബ്ദുവിന്റെ (57) വീട്ടിലെത്തിയ സംഘം മകന് മഹ്ഷൂക്കിനെ അക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞതിന് അബ്ദു, മറ്റൊരു മകന് മിഥിലാജ്, അബ്ദുവിന്റെ അളിയന് കരീം എന്നിവരെ ഇടിക്കട്ട, കത്തി എന്നിവ കൊണ്ട് ആക്രമിക്കുകയായിരുന്നു.
ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പ്രതികളെ പിടികൂടിയത്. വിവരമറിഞ്ഞത്തിയ തളിപ്പറമ്പ് എസ്.ഐ ദിനേശന് കൊതേരിയുടെ നേതൃത്വത്തിലുള്ള പോലീസ് എട്ട് പേരെയും കസ്റ്റഡിയിലെടുത്തു.
അബ്ദുവിന്റെ മക്കളോടുള്ള മുന്‍ വിരോധമാണ് അക്രമത്തിന് കാരണം. അബ്ദുവിന്റെ മകനായ മഹഷൂക്കിനെ വീട്ടില്‍ നിന്ന് പിടിച്ച് വലിച്ച് മുറ്റത്തേക്കിട്ട് കത്തിവാള് കൊണ്ട് വെട്ടാന്‍ ശ്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് മറ്റുള്ള മൂന്ന് പേരേയും അക്രമിച്ചത്. പരിക്കേറ്റ അബ്ദു തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
അക്രമത്തിന് പിന്നില്‍ കഞ്ചാവ്-ലഹരി വിപണനം സംബന്ധിച്ച തര്‍ക്കങ്ങളാണെന്ന് പോലീസ്
തളിപ്പറമ്പ്: അക്രമത്തിന് പിന്നില്‍ കഞ്ചാവ്-ലഹരി വിപണനം സംബന്ധിച്ച തര്‍ക്കങ്ങളാണെന്ന് പോലീസ് പറഞ്ഞു.
പുളിമ്പറമ്പില്‍ നിന്നും മുയ്യത്തെ ഒരു യുവാവിന്റെ വീട്ടില്‍ അസമയത്ത് ചിലര്‍ വരുന്നതിനെ അബ്ദുവിന്റെ മക്കള്‍ ഉള്‍പ്പെടയുള്ള നാട്ടുകാരുടെ സംഘം ചോദ്യം ചെയ്തിരുന്നു.
ഈ സംഘത്തിലെ ചിലരെ പുളിമ്പറമ്പ് സംഘം ഫോണില്‍ വിളിച്ച് ഭീഷണിമുഴക്കിയത് ചോദിക്കാനായി മുയ്യത്ത് നിന്നും മഷ്ഹൂക്ക് ഉള്‍പ്പെടെയുള്ള സംഘം കഴിഞ്ഞ ദിവസം പുളിമ്പറമ്പില്‍ പോയിരുന്നു.
ഇതില്‍ പ്രകോപിതരായാണ് എട്ടംഗസംഘം രണ്ട് കാറുകളിലായി മുയ്യത്തെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വീട്ടില്‍ കയറി അക്രമം നടത്തുകയും ചെയ്തത്.
വീടിന്റെ ജനല്‍ ഉള്‍പ്പെടെ അടിച്ചു തകര്‍ത്ത സംഘം കത്തികള്‍, ഇടിക്കട്ട, മുളകുപൊടി, വടിവാള്‍ തുടങ്ങിയ മാരകായുധങ്ങളും കാറില്‍ കരുതിയിരുന്നു. ആയുധങ്ങള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
വധശ്രമത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.