കെ.എസ്.ആര്‍.ടി.സി ബസിന് നേരെ ആക്രമം രണ്ട് സ്‌കൂട്ടര്‍ യാത്രികര്‍ക്കെതിരെ കേസ്-

തലശ്ശേരി: സര്‍വ്വീസ് നടത്തി കൊണ്ടിരിക്കുകയായിരുന്ന കെ.എസ്.ആര്‍.ടി.സി.ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ആക്രമിച്ച കേസിലെ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്.

സ്‌കൂട്ടര്‍ യാത്രികര്‍ക്ക് സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് ബസ് വഴിയില്‍ തടഞ്ഞിട്ട് അക്രമം നടത്തുകയും ബസ്സ് ഡ്രൈവറെ കയ്യേറ്റം ചെയ്യുകയും ചെയ്തത്.

അതിക്രമത്തില്‍ ബസ് ഡ്രൈവര്‍ ചിറ്റാരിപറമ്പിലെ കക്കോട്ടില്‍ പ്രമോദിനെ(53) പരിക്കുകളോടെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പ്രമോദിന്റെ പതിനെട്ടായിരം രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായും, കെ.എസ്.ആര്‍.ടി.സി.ബസ്സിന് കേട് പാടുകള്‍ വരുത്തിയതായും പരാതിയുണ്ട്.

സ്‌കൂട്ടര്‍ യാത്രക്കാരായ ധര്‍മ്മടം വെള്ളാക്ക് സ്വദേശികളായ രണ്ട് യുവാക്കള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ഇന്നലെ വൈകീട്ട് തലശ്ശേരി ടൗണ്‍ ഹാളിനടുത്ത് വെച്ചാണ് കേസിന്നാസ്പദമായ സംഭവം.

മാന്തവാടിയില്‍ നിന്നും വൈതല്‍മലയിലേക്ക് പോവുകയായിരുന്ന കെ.എല്‍.15 എ.1613 കെ.എസ്.ആര്‍.ടി.സി.ബസ്സിന് നേരെയാണ് അതിക്രമം നടന്നത്.

കെ.എല്‍.58 ഇസെഡ് 7830 സ്‌കൂട്ടറില്‍ യാത്ര ചെയ്ത രണ്ട് പേരാണ് ഹെല്‍മെറ്റ് കൊണ്ട് അതിക്രമം നടത്തിയതും. ബസിന്റെ ബോണററിനും മറ്റും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

പ്രതികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.