പോലീസുകാരെ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവം : മുഖ്യപ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

 

തളിപ്പറമ്പ്: രാത്രികാല പെട്രോളിങ്ങിനിടയില്‍ പോലീസുകാരെ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ജാമ്യം.

മാട്ടൂല്‍ നോര്‍ത്ത് സ്വദേശികളായ മൊഹിയുദ്ദീന്‍പള്ളിക്ക് സമീപത്തെ പൂവത്തിന്‍കീഴില്‍ പി.കെ.ഇര്‍ഫാന്‍(29), ജുമാമസ്ജിദിന് സമീപത്തെ ബയാന്‍ ഹൗസില്‍ ബി.ഹാഷിം(27) എന്നിവര്‍ക്കാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

ഏപ്രില്‍ 10 നാണ് സംഭവം നടന്നത്. പഴയങ്ങാടിയില്‍ പോലീസ് ജീപ്പിന് നേരെ മണല്‍ മാഫിയ അതിക്രമം നടത്തുകയും പോലീസുകാരെ കൊല്ലാന്‍ ശ്രമിക്കുകയും പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്ത തായാണ് കേസ്.

അഡ്വ.ഹബീബ് പണിക്കറകത്ത് മുഖേന നല്‍കിയ ജാമ്യഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

സംഭവത്തിലെ പ്രധാനപ്പെട്ട പ്രതികളായ ഇവര്‍ ഒളിവിലായിരുന്നു. പോലീസ് ജീപ്പിനെ ഇടിച്ച ടിപ്പര്‍ ലോറി ഒളിവില്‍ കൊണ്ടുപോകാന്‍ സഹായിച്ചതിനും മണല്‍ കടത്തിന് എസ്‌കോര്‍ട്ട് പോയതിനും

മാട്ടൂല്‍ നോര്‍ത്ത് സമീറ സ്റ്റോപ്പിന് സമീപത്തെ മുന്‍തസിര്‍, മാട്ടൂല്‍ സൗത്ത് ജി എം എല്‍ പി സ്‌കൂളിന് സമീപത്തെ മുഹമ്മദ് റസല്‍ എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ടിപ്പര്‍ ലോറിയെ പിന്തുടര്‍ന്ന പോലീസ് ജീപ്പിനെ മാടായിപ്പള്ളി പരിസരത്ത് വെച്ച് ഇടിച്ച് ജീപ്പിന്റെ ചില്ല് തകര്‍ന്ന് എ.എസ്.ഐ വി.വി ഗോപിനാഥ്, ഡ്രൈവര്‍ ടി.ശരത്ത്, ഹോം ഗാര്‍ഡ് ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് സംഭവത്തില്‍ പരിക്കുപറ്റിയിരുന്നു.

സംഭവത്തിലെ പ്രധാന പ്രതികള്‍ക്ക് വേണ്ടി പഴയങ്ങാടി ഇന്‍സ്‌പെക്ടര്‍ ടി.എന്‍.സന്തോഷ് കുമാരന്റെ നേതൃത്വത്തില്‍ ഊര്‍ജിതമായ തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കെയാണ് പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.