ഈ ചിത്രത്തിന്റെ തുടക്കം നിങ്ങള്‍ കാണാതിരിക്കരുത്, ഒടുക്കം ദയവായി ആരോടും പറയാതിരിക്കുക-അവനോ അേേതാ അവളോ@45.

 

വളരെ വ്യത്യസ്തമായ ഒരു കുറ്റാന്വേഷണസിനിമ, മേമ്പൊടിയായി അല്‍പ്പം ഹൊററും. 1979 ല്‍ ബേബി സംവിധാനം നിര്‍വ്വഹിച്ച അവനോ അതോ അവളോ എന്ന സിനിമ റിലീസായത് 1979 മെയ്-29 നാണ്. പീരുമേട്ടിലെ ശാരദ എസ്‌റ്റേറ്റില്‍ നടന്ന ഒരു കൊലപാതകം അന്വേഷിക്കാനെത്തുന്ന സി.ഐ.ഡി ഉദ്യോഗസ്ഥന്‍ പ്രകാശായി ജയന്‍ അഭിനയിച്ച സിനിമയാണിത്.

കഥാസംഗ്രഹം

ശാരദ എസ്റ്റേറ്റിലെ കൊച്ചുമുതലാളിയായ ശശി വെടിയേറ്റു മരിച്ചുകിടക്കുന്നുവെന്ന് മദ്യപനായ മരംവെട്ടുകാരന്‍ അയ്യപ്പന്‍ ഒരു ദിവസം ഗ്രാമവാസികളെ അറിയിച്ചു. അയ്യപ്പന്‍ പറഞ്ഞ സ്ഥലത്ത് അന്വേഷിച്ചുവന്ന ആളുകള്‍ കണ്ടത് വെടിയേറ്റു ചത്തുകിടക്കുന്ന ഒരു പന്നിയെ ആയിരുന്നു. അന്വേഷണത്തിനു വന്ന ഇന്‍സ്‌പെക്ടര്‍ ശശിയുടെ വീട്ടില്‍ ചെന്ന് അന്വേഷണം നടത്തുന്നു. ശശിയുടെ ചിറ്റമ്മ ശാരദ ശശി മരണപ്പെട്ടിരിക്കുമെന്ന കാര്യം നിഷേധിക്കുന്നു. ആരോടും പറയാതെ നഗരത്തിലേക്കു പോകുന്ന സ്വഭാവമാണ് ശശിയുടേതെന്ന് അവര്‍ പറയുന്നു. അവിടെയുള്ള തോക്കിനെക്കുറിച്ചന്വേഷണം നടത്തിയപ്പോള്‍ ചെറിയ റിപ്പയറിന്നായി ശശി കൊണ്ടുപോയിരിക്കയാണെന്നു ശാരദ പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ ആ തോക്കിലെ ബുള്ളറ്റുകള്‍ വാങ്ങി പോകുന്നു. പിറ്റേന്ന് ഇന്‍സ്‌പെക്ടര്‍ വന്ന് വെടിയേറ്റ പന്നിയില്‍ നിന്നും എടുത്ത ബുള്ളറ്റുകള്‍ അതേ തോക്കിലെയാണെന്ന് ശാരദയെ അറിയിച്ചു. തെളിവെടുപ്പുകള്‍ക്കിടയ്ക്ക് ഇന്‍സ്‌പെക്ടര്‍ക്ക് ഒരു കാര്യം മനസ്സിലാകുന്നു. ശശിയും ചിറ്റമ്മയും സ്വരച്ചേര്‍ച്ചയിലായിരുന്നില്ല എന്ന്. വിധവയായ ശാരദയ്ക്ക് ഒരു കാമുകനുണ്ടായിരുന്നു. എസ്റ്റേറ്റ് ഓണറായിരുന്ന സുരേന്ദ്രന്‍. ശശിയെ കാണാതായതിനെകുറിച്ച് അന്വേഷണം നടത്തുമ്പോള്‍ തങ്ങള്‍ ഇരുവരുടെയും അനാശാസ്യബന്ധം പുറത്താകുമോ എന്നവര്‍ ഭയന്നു.
ശശിയെ അന്വേഷിച്ചു് ശശിയുടെ ഒരു കൂട്ടുകാരനായ പ്രകാശ് അവിടെ വരുന്നു. ശശി സ്ഥലത്തില്ലെന്നും വരുന്നതു വരെ എസ്റ്റേറ്റില്‍ താമസിക്കണമെന്നും ശാരദ പറഞ്ഞതനുസരിച്ച്് പ്രകാശ് എസ്റ്റേറ്റില്‍ താമസമാക്കുന്നു.
സ്ഥലം കാണാന്‍ ഇറങ്ങിയ പ്രകാശിന് ഗ്രാമവാസികളുമായിട്ടുള്ള സംസാരത്തില്‍ നിന്ന് ശശിയുടെ മരിച്ചതാണെന്ന സംശയം ജനിക്കുന്നു. അയാളറിയാതെ അയാളെ നാരായണന്‍ എന്നൊരാള്‍ പിന്‍തുടരുന്നുണ്ടായിരുന്നു. നാരായണന്‍ മറ്റൊരു എസ്റ്റേറ്റിലെ കാര്യസ്ഥനായിരുന്നു.
ഒരു ദിവസം പ്രകാശ് ഗൗരി എന്നു പേരായ ഒരു പെണ്‍ക്കുട്ടിയെ കണ്ടുമുട്ടുന്നു. നാരായണന്‍ കാര്യസ്ഥനായ എസ്റ്റേറ്റിലെ ഉടമ ജാനകിയുടെ മകളാണ് ഗൗരി എന്നയാള്‍ മനസ്സിലാക്കുന്നു. ഗൗരിയും പ്രകാശുമായി പ്രേമമാകുന്നു. എസ്റ്റേറ്റിലെ ജോലിക്കാരുമായുള്ള സംസാരത്തിനിടയ്ക്ക് ശാരദയും ശശിയും തമ്മില്‍ എന്നും വഴക്കുണ്ടാകാറുണ്ടായിരുന്നു എന്നും ശശി ശാരദയെ ഭാഷണിപ്പെടുത്തി പണം വാങ്ങാറുണ്ടായിരുന്നുവെന്നും പ്രകാശ് മനസ്സിലാക്കുന്നു. ഒരു ദിവസം നാരായണന്റെ കുടില്‍ പരിശോന നടത്തിയ പ്രകാശ് രണ്ട്് ഫോട്ടോകള്‍ കാണുന്നു. ഒരു ഫോട്ടോ ഗൗരിയും ഒരപരിചിതനും കൂടിയുള്ളതും മറ്റൊന്ന് ഒരപരിചിതനും കുട്ടിയും കൂടിയുള്ളതുമായിരുന്നു. ഒരു സമാഗമവേളയില്‍ ഗൗരിയോട് പ്രകാശ് അവളുടെ ഒരു പൂര്‍വ്വകാല പ്രേമബന്ധത്തെക്കുറിച്ച് ചോദിച്ചു. അവള്‍ അത് നിഷേധിച്ചു.
ശാരദയുടെ ഉടമസ്ഥതയിലുള്ളതും പൂട്ടിയിട്ടതും പിശാചുബാധയുള്ളതെന്ന് ഗ്രാമവാസികള്‍ പറയുന്നതുമായ വീട് ഒരു ദിവസം പ്രകാശ് പരിശോധിക്കുന്നു. അതിനുള്ളില്‍ അയാള്‍ ശശിയുടെ മൃതദേഹം കണ്ടെത്തി. തല്‍ക്ഷണം തലയ്ക്കടിയേറ്റ് പ്രകാശ് ബോധരഹിതനാകുന്നു. ബോധം തെളിഞ്ഞ പ്രകാശ് ശശിയുടെ മൃതദേഹം അവിടെനിന്നു് അപ്രത്യക്ഷമായതായി കണ്ടു. സംശയത്തിന്റെ കുരുക്കുകള്‍ അഴിയ്ക്കാനാവാതെ പ്രകാശ് കുഴങ്ങി. എങ്കിലുമയാള്‍ അന്വേഷണം തുടര്‍ന്നു. ഒളിച്ചുതാമസിക്കുന്ന ഗൗരിയുടെ അച്ഛനാണ് ശശിയെ കൊലപ്പെടുത്തിയതെന്ന് ഒടുവില്‍ വ്യക്തമാകുന്നു. പ്രകാശും ഗൗരിയും തമ്മില്‍ വിവാഹിതരാവുന്നതോടെ സിനിമ അവസാനിക്കുന്നു. ജയനെ കൂടാതെ ജഗതി ശ്രീകുമാര്‍, കെ.പി.ഉമ്മര്‍, അശോകന്‍, ജോസ് പ്രകാശ്, പട്ടം സദന്‍, കനകദുര്‍ഗ്ഗ, ഗൗരി, വടിവുക്കരശി, പ്രതാപചന്ദ്രന്‍, വഞ്ചിയൂര്‍ രാധ, ശാന്തന്‍, ജോണ്‍ വര്‍ഗീസ്, മാസ്റ്റര്‍ ജോസ്, ജയഗൗരി എന്നിവരാണ് പ്രധാന താരങ്ങള്‍.
വിപിന്‍ദാസ് ക്യാമറയും കെ.ശങ്കുണ്ണി ചിത്രസംയോജനവും നിര്‍വ്വഹിച്ചു. പരസ്യം എസ്.എ നായര്‍. കല-കെ.ബാലന്‍. സൂര്യ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ആര്‍.സോമനാഥാണ് നിര്‍മ്മാണം-വിതരണം-ജീവാ ഫിലിംസ്. കാശിനാഥിന്റെ കഥക്ക് സംവിധായകന്‍ ബേബിയാണ് തിരക്കഥയൊരുക്കിയത്. സംഭാഷണം പി.ബാലകൃഷ്ണന്‍.
ബിച്ചു തിരുമലയുടെ വരികള്‍ക്ക് എം.കെ.അര്‍ജുനന്റെ സംഗീതം.
വെള്ളിമേഘം ചേലചുറ്റിയ,

തുളസീവനം വിരിഞ്ഞു,

വാസനച്ചെണ്ടുകളേ,

വെള്ളത്തിലെഴുതിയ രേഖ പോലെ

എന്നിവയാണ് ഗാനങ്ങള്‍.