അനുനിമിഷം നവീകരിക്കാതെ കേരളത്തിനു മുന്നോട്ടു പോകാനാവില്ല: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പയ്യന്നൂര്‍: അനുനിമിഷം നവീകരിക്കാതെ കേരളത്തിനു മുന്നോട്ടു പോകാനാവില്ലെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലയില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം പയ്യന്നൂര്‍ ഷേണായി സ്‌ക്വയറില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നവീകരണം വേണ്ട എന്നു പറയുന്നത് മുരടിപ്പിപ്പിന്റെ ഏറ്റവും പ്രധാന ലക്ഷണമാണ്. ശരിയായ നിലപാടുകളിലൂടെ കേരളത്തെ വികസിപ്പിക്കണം മന്ത്രി പറഞ്ഞു.

നീതി ആയോഗിന്റെ സൂചിക പ്രകാരം പാവങ്ങള്‍ ഗുണമേന്മയോടെ ജീവിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനമാണ് കേരളം.

വികസിത രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന വികസന കുതിപ്പാണ് കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്. വിമര്‍ശനങ്ങള്‍ പരിശോധിച്ച് ക്രിയാത്മകമായ ഇടപെടലിലൂടെ കെ റെയില്‍ പദ്ധതി സാധ്യമാക്കുമെന്നും അമ്പത് വര്‍ഷത്തിനപ്പുറത്തേക്കുള്ള വികസനമാണ് കേരളം ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി, പുരോഗമന ഇന്ത്യയുടെ 75 വര്‍ഷങ്ങള്‍ അടയാളപ്പെടുത്താന്‍ ഇന്ത്യന്‍ ജനതയുടെയും സംസ്‌കാരത്തിന്റെയും നേട്ടങ്ങളുടെയും മഹത്തരമായ ചരിത്രം ആഘോഷിക്കുകയാണ് ‘ആസാദി കാ അമൃത് മഹോത്സവ്’.

ഇതിന്റെ ഭാഗമായാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ വെള്ളൂര്‍ ജവഹര്‍ വായനശാല, പയ്യന്നൂരിലെ സഞ്ജയന്‍ സ്മാരക വായനശാല, മഹാദേവ ദേശായി സ്മാരക വായനശാല,

കസ്തൂര്‍ബ സ്മാരക ഗ്രന്ഥാലയം, സ്വാമി ആനന്ദതീര്‍ത്ഥ സ്മാരക ഗ്രന്ഥാലയം പ്രവര്‍ത്തകര്‍ക്കൊപ്പം മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ സ്വാതന്ത്ര്യ സ്മൃതി ദീപം തെളിയിച്ചു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഹയര്‍സെക്കണ്ടറി, കോളേജ് വിദ്യാര്‍ഥികള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമായി നടത്തിയ ‘കണ്ണൂര്‍ കാഴ്ചകള്‍’ വീഡിയോ നിര്‍മ്മാണ മത്സരത്തിലെ വിജയികള്‍ക്കുള്ള പുരസ്‌കാരവും കാഷ് പ്രെസും സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ വിതരണം ചെയ്തു.

തദ്ദേശസ്ഥാപനങ്ങളുടെ വിഭാഗത്തില്‍ ഗ്രാമപഞ്ചായത്തുകളുടെ മത്സരത്തില്‍ ഒന്നാം സ്ഥാനം ചെറുപുഴ ഗ്രാമപഞ്ചായത്തും രണ്ടാം സ്ഥാനം കരിവെള്ളൂര്‍പെരളം ഗ്രാമപഞ്ചായത്തും മൂന്നാം സ്ഥാനം നടുവില്‍ ഗ്രാമപഞ്ചായത്തും ഏറ്റുവാങ്ങി.

നഗരസഭാ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കൂത്തുപറമ്പ് നഗരസഭ, രണ്ടാം സ്ഥാനം പയ്യന്നൂര്‍ നഗരസഭ എന്നിവയും ഏറ്റുവാങ്ങി.
വിദ്യാര്‍ഥികള്‍ക്കായി നടന്ന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കെ ജീവന്‍, രണ്ടാം സ്ഥാനം നേടിയ, കെ പി ദര്‍ഷിദ്, മൂന്നാം സ്ഥാനം നേടിയ റിച്ചാര്‍ഡ് സജി, മാര്‍ട്ടിന്‍ സാജു എന്നിവര്‍ക്ക് ക്യാഷ് െ്രെപസും സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ സമ്മാനിച്ചു.

പയ്യന്നൂര്‍ നഗരസഭാധ്യക്ഷ കെ വി ലളിത അധ്യക്ഷയായി. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.വി.വത്സല വിശിഷ്ടാതിഥിയായി.കേരള പൂരക്കളി അക്കാദമി സെക്രട്ടറി കെ വി മോഹനന്‍, തഹസില്‍ദാര്‍ കെ ബാലഗോപാലന്‍,

നഗരസഭ സെക്രട്ടറി എം.കെ.ഗിരീഷ്, സംഘാടക സമിതി കണ്‍വീനറും
പയ്യന്നൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയുമായ കെ.ശിവകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍
പി.പി.വിനീഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി കുഞ്ഞികൃഷ്ണന്‍,

കെ.വി.ബാബു, പി.ജയന്‍, പി.വി.ദാസന്‍, ബാലകൃഷ്ണന്‍ പനക്കീല്‍, വി.കെ.പി.ഇസ്മയില്‍, എ.വി.തമ്പാന്‍, ഇക്ബാല്‍ പോപ്പുലര്‍, ബി.സജിത്‌ലാല്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് പയ്യന്നൂര്‍ മഹാദേവഗ്രാമം കോല്‍ക്കളി സംഘത്തിന്റെ ചരടുകുത്തി കോല്‍ക്കളി, തായിനേരി എസ്എസ് കലാവേദിയുടെ ദഫ്മുട്ട്, കണ്ടോത്ത് ശ്രീ കൂര്‍മ്പ ഭഗവതി ക്ഷേത്രം പൂരക്കളി സംഘത്തിന്റെ പൂരക്കളി എന്നീ കലാപരിപാടികളും അരങ്ങേറി