ഇരട്ടനീതിക്കെതിരെ ബാബു അരയമ്പേത്തിൻ്റെ ഒറ്റയാൾ സമരം ആവേശമായി.
പിലാത്തറ: തുല്യനീതിക്കായി ഓട്ടോ ഡ്രൈവറുടെ ഒറ്റയാള്‍ പോരാട്ടത്തിന് തുടക്കമായി.
ഓലയമ്പാടിയിലെ ബാബു അരയമ്പത്താണ് ഏരമം-കുറ്റൂര്‍ പഞ്ചായത്ത് അധികൃതര്‍ക്കെതിരെ സമരവുമായി രംഗത്തുവന്നിരിക്കുന്നത്.
എരമം-കുറ്റൂര്‍ പഞ്ചായത്തിലെ മുന്‍ അംഗം പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിനെതിരെ പരാതി നല്‍കിയിട്ടും നടപടികളെടുക്കാത്ത പഞ്ചായത്ത് വ്യാപാരികളുള്‍പ്പെടെയുള്ളവര്‍ക്ക് കടലാസ് കത്തിച്ചാല്‍ പോലും 25,000 രൂപ പിഴയീടാക്കുകയാണെന്നും ഈ ഇരട്ടനീതി അവസാനിപ്പിക്കണമെന്നുമാണ് ബാബുവിന്റെ ആവശ്യം.
ഇന്ന് രാവിലെ 9.30നാണ് ഓലയമ്പാടിയിൽ നിന്ന് പ്ലക്കാർഡു മേന്തി 8 കിലോമീറ്റർ ദൂരം നടന്ന് മാതമംഗലത്തുള്ള പഞ്ചായത്ത് ഓഫീസിലെത്തിയത്.
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ പഞ്ചായത്ത് അധികൃതർക്ക് നൽകിയാണ് സമരം അവസാനിപ്പിച്ചത്.
രണ്ടാഴ്ച്ച മുമ്പാണ് മുന്‍ പഞ്ചായത്തംഗം വീടിന് തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ ഉപയോഗിക്കാത്ത കിണറിലേക്ക് മാലിന്യം തള്ളിയത്.
ഇത് കണ്ട ബാബു ഫോട്ടോയെടുത്ത് പഞ്ചായത്ത് സെക്രട്ടെറിയുടെ വാടസ്ആപ്പിലേക്ക് അയക്കുകയും പരാതി നല്‍കുകയും ചെയ്തിട്ടും യാതൊരു വിധ നടപടികളും സ്വീകരിക്കാത്ത പഞ്ചായത്തിന്റെ വിവേചനം അനുവദിക്കാനാവില്ലെന്നാണ് ബാബു പറയുന്നത്.
വ്യാപാരികളുള്‍പ്പെടെ നിരവധിപ്പേരാണ് ഇരട്ടനീതിക്കെതിരെ സമരത്തിന് പിന്തുണയുമായി മാതമംഗലത്ത് എത്തിയത്. ന്യായമായ ആവശ്യം അംഗീകരിക്കും വരെ സമരം തുടരുമെന്ന് ബാബു പറഞ്ഞു
