ഞങ്ങള്‍ വീണ്ടും വരും–റ്റാ റ്റാ ബൈ ബൈ– ആനന്ദിക്കും കനിമൊഴിക്കും-സോറി-സുധക്കും സംഗീതക്കും ജാമ്യം.
തളിപ്പറമ്പ്: തെറ്റായ പേര് പോലീസിലും കോടതിയിലും നല്‍കി തളിപ്പറമ്പിലെ മാലമോഷ്ടാക്കള്‍ ജാമ്യം നേടി പുറത്തേക്ക്.
തളിപ്പറമ്പ് അറ്റ്‌ലസ് ജ്വല്ലറിയില്‍ നിന്ന് 3 പവന്‍ സ്വര്‍ണ്ണവള മോഷ്ടിച്ച് കൊയിലാണ്ടിയില്‍ പിടിയിലായ മോഷ്ടാക്കളാണ് പോലീസിനേയും കോടതിയേയും ഒരുപോലെ വഞ്ചിച്ചത്.
നവംബര്‍ 9 ന് മോഷണം നടത്തിയ ഇരുവരേയും പിറ്റേന്ന് തന്നെ പോലീസ് പിടികൂടിയിരുന്നു.
തമിഴ്‌നാട് സ്വദേശി സഹോദരിമാരായ ആനന്ദി, കനിമൊഴി എന്നിവരാണ് തങ്ങളെന്നാണ് ഇരുവരും കൊയിലാണ്ടി പോലീസിനോടും തളിപ്പറമ്പ് പോലീസിനോടും പറഞ്ഞിരുന്നത്.
കണ്ണൂര്‍ കോടതി ജാമ്യം നല്‍കിയെങ്കിലും ആധാര്‍ കാര്‍ഡ് പ്രകാരം സുധയും സംഗീതയുമായ ഇരുവരേയും ജയില്‍ അധികൃതര്‍ വിട്ടുനല്‍കിയില്ല.
തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഹൈക്കോടതിയുടെ ഇടപെടലിലൂടെ ഇരുവരും കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങി.
അറസ്റ്റ് ചെയ്യുമ്പോള്‍ ഇവര്‍ നല്‍കുന്ന പേര് വിശ്വാസത്തിലെടുക്കുക മാത്രമാണ് പോലീസിന് ചെയ്യാന്‍ കഴിയുക.
എന്നാലിവിടെ പോലീസിനെയും നിയമവ്യവസ്ഥയേയും പറ്റിച്ച ഇവര്‍ ജാമ്യം നേടി നാട് വിടുന്നതോടെ കേസില്‍ ശിക്ഷ ലഭിക്കാതെ വരികയും തൊണ്ടിമുതല്‍ കൂടി കണ്ടെടുക്കാന്‍ സാധിക്കാതെ വരികയമാണ്.
തമിഴ്‌നാട്ടിലെ ഒരു പ്രമുഖ അഭിഭാഷകനാണ് ഇരുവര്‍ക്കും വേണ്ടി ഹൈക്കോടതിയിലും തളിപ്പറമ്പിലും അഭിഭാഷകനെ ഏര്‍പ്പെടുത്തിയത്.
കഷ്ടപ്പെട്ട് പ്രതികളെ പിടികൂടിയ പോലീസിനെ ഈ സംഭവം ഞെട്ടിച്ചിരിക്കയാണ്. കേസിലെ മറ്റൊരു പ്രതിയായ അലമേലുവിനെയും തളിപ്പറമ്പ് പോലീസ് പിടികൂടിയെങ്കിലും
സ്വര്‍ണം കണ്ടെടുക്കാന്‍ സാധിക്കാത്തതിനാല്‍, ഫലത്തില്‍ മോഷണത്തിനിരയായ അറ്റ്‌ലസ് ജ്വല്ലറി ഉടമക്ക് മാത്രമാണ് നഷ്ടം നേരിട്ടിരിക്കുന്നത്.